വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞോ? ഇനി മാനിറ്റോബയില്‍ ജോലി തുടരാം!

By: 600002 On: Aug 14, 2026, 8:09 AM



 

പ്രസാദ് തീയാടിക്കല്‍

വിന്നിപെഗ്: കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതോ ഉടന്‍ അവസാനിക്കാനിരിക്കുന്നതോ ആയ ചില വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി പുതിയ തൊഴില്‍ അനുമതി പദ്ധതി പ്രഖ്യാപിച്ചു. അര്‍ഹരായ തൊഴിലാളികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് മാനിറ്റോബ-നിര്‍ദ്ദിഷ്ട വര്‍ക്ക് പെര്‍മിറ്റ് നീട്ടാന്‍ അവസരം ലഭിക്കും. ഇതിലൂടെ സ്ഥിരതാമസ (PR) നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ക്ക് ജോലി തുടരാനാകും.

മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (MPNP) വഴി സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവരാണ് ഈ ഇളവിന്റെ പ്രധാന ഗുണഭോക്താക്കള്‍. തൊഴില്‍ ക്ഷാമം നേരിടുന്ന മേഖലകളിലെ പരിചയസമ്പന്നരായ തൊഴിലാളികളെ പ്രവിശ്യയില്‍ നിലനിര്‍ത്തുകയും തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴില്‍ശക്തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അര്‍ഹതയുള്ളവര്‍ക്ക് മാനിറ്റോബ സര്‍ക്കാരില്‍ നിന്ന് Support Letter ലഭിച്ച ശേഷം പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാം. എന്നാല്‍ ഈ ഇളവ് എല്ലാവര്‍ക്കും ബാധകമല്ല. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ങജചജ നടപടികളിലുള്ളതുമായ തൊഴിലാളികള്‍ക്കാണ് ഈ അവസരം ലഭിക്കുക.

കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം, സ്ഥിരതാമസത്തിനായുള്ള അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കാനുള്ള നടപടികളും മാനിറ്റോബ സര്‍ക്കാര്‍ തുടരുകയാണ്.