ആരോഗ്യ മേഖലയിൽ 2,000 തൊഴിലവസരങ്ങൾ: 10.9 മില്യൺ ഡോളറിൻ്റെ പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

By: 600110 On: Aug 13, 2026, 12:40 PM

 

 

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും രോഗീപരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി 10.9 മില്യൺ കനേഡിയൻ ഡോളറിൻ്റെ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ച് ഒൻ്റാരിയോ സർക്കാർ. ഏകദേശം രണ്ടായിരത്തോളം പേർക്ക് പുതിയ തൊഴിൽ പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.

സംസ്ഥാനത്തെ നഴ്സുമാർ, പേഴ്സണൽ സപ്പോർട്ട് വർക്കർമാർ (PSW), മെഡിക്കൽ ലാബ് സാങ്കേതിക വിദഗ്ദ്ധർ എന്നിവരുൾപ്പെടെയുള്ളവർക്ക് പരിശീലനവും ജോലി സാധ്യതകളും ഉറപ്പാക്കുന്ന 10 വ്യത്യസ്ത പ്രോജക്റ്റുകൾക്കാണ് ഈ തുക വിനിയോഗിക്കുക. ഒൻ്റാരിയോയുടെ 'സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിൽ' (SDF) നിന്നാണ് ഇതിനായുള്ള തുക അനുവദിക്കുന്നത്.

110 പേർക്ക് നഴ്സിംഗ്, പേഴ്സണൽ സപ്പോർട്ട് മേഖലകളിൽ പരിശീലനം നൽകുന്നതിനായി 2.2 മില്യൺ ഡോളറിലധികം ലഭിക്കും. വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കിയ 1,100 വിദഗ്ദ്ധർക്കും അഭയാർത്ഥികൾക്കും കാനഡയിൽ കരിയർ പുനരാരംഭിക്കാൻ 'വിൻഡ്മിൽ മൈക്രോലെൻഡിംഗ്' വഴി 1.8 മില്യൺ ഡോളർ നൽകും. രജിസ്റ്റേർഡ് നഴ്സസ് അസോസിയേഷന് വിദേശ നഴ്സുമാരെ സഹായിക്കാൻ 8,16,875 ഡോളറും അനുവദിച്ചിട്ടുണ്ട്.  ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ മേഖലകളിലെ 200 തൊഴിലന്വേഷകരെ സഹായിക്കാൻ 'ബ്രെയിൻ ചേഞ്ചസ് ഇനിഷ്യേറ്റീവി'ന് 1.85 മില്യൺ ഡോളർ ലഭിക്കും.

മെഡിക്കൽ ലാബ് പ്രൊഫഷണലുകൾക്ക് പരിശീലനം നൽകാൻ 1.49 മില്യൺ ഡോളറും, വൂണ്ട് കെയർ പരിശീലനത്തിനായി 9.81 ലക്ഷം ഡോളറും വടക്കൻ ഒൻ്റാരിയോയിലെ ആരോഗ്യ പ്രവർത്തകർക്കായി 6.63 ലക്ഷം ഡോളറും നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സ്ഥാപനങ്ങൾക്ക് ആവശ്യമായ വിദഗ്ദ്ധരെ കണ്ടെത്താനും ഈ പദ്ധതി സഹായിക്കുമെന്ന് തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനി വ്യക്തമാക്കി.

നേരത്തെ, സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിൻ്റെ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിലെ സുതാര്യതയില്ലായ്മയെ ചൊല്ലി വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്തവണ കർശനമായ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് പദ്ധതികൾ തിരഞ്ഞെടുത്തിട്ടുള്ളതെന്നും, കൃത്യമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ആരോഗ്യ മേഖല നേരിടുന്ന ആൾക്ഷാമത്തിന് വലിയൊരു പരിഹാരമാകാൻ ഈ നീക്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.