ഡ്രൈവർമാർക്ക് അമിത ജോലിഭാരം, ലോഗ് ബുക്കിൽ തട്ടിപ്പ്: കാനഡയിൽ ട്രക്കിങ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

By: 600110 On: Aug 13, 2026, 12:31 PM

ഡ്രൈവർമാരുടെ വിശ്രമസമയവും ജോലിസമയവും സംബന്ധിച്ച സുരക്ഷാ നിയമങ്ങൾ തുടർച്ചയായി ലംഘിച്ച ട്രക്കിങ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. ബ്രാംപ്ടൺ ആസ്ഥാനമായുള്ള 'എൽഡി ട്രാൻസ് ലൈൻ' എന്ന ട്രക്കിങ് കമ്പനിയുടെ പ്രവർത്തന ലൈസൻസാണ് ഒൻ്റാരിയോ അധികൃതർ റദ്ദാക്കിയത്. 2025 ജനുവരിയിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കിനും കാരണമായ വൻ വാഹനാപകടത്തിന് ശേഷവും കമ്പനി വ്യാജ രേഖകൾ ഉണ്ടാക്കുകയും സുരക്ഷാ ലംഘനങ്ങൾ തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലൈസൻസ് അപ്പീൽ ട്രൈബ്യൂണലിൻ്റെ നടപടി.

നിയമങ്ങൾ പാലിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുന്ന കമ്പനിയെ വാഹന രജിസ്ട്രാർ "ഏറ്റവും മോശം ട്രക്കിങ് സ്ഥാപനം" എന്നാണ് വിശേഷിപ്പിച്ചത്. ലൈസൻസ് റദ്ദാക്കിയതിനെതിരെ കമ്പനി നൽകിയ അപ്പീൽ ട്രൈബ്യൂണൽ തള്ളുകയായിരുന്നു. 16 പേർ ഉൾപ്പെട്ട 15 വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഡ്രൈവർ ആവശ്യത്തിന് വിശ്രമമെടുത്തിരുന്നില്ലെന്നും വേഗത നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു. എന്നാൽ അപകടം നടന്ന ദിവസം ഡ്രൈവർ ജോലിയിലല്ലായിരുന്നു എന്നാണ് കമ്പനി ലോഗ് ബുക്കിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നത്.

ഒൻ്റാരിയോയിലെ നിയമപ്രകാരം ഒരു ഡ്രൈവർ ഒരു ദിവസം പരമാവധി 13 മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല. എന്നാൽ കമ്പനി ലോഗ് ബുക്കുകളിൽ തിരിമറി നടത്തി ഡ്രൈവർമാർക്ക് അമിത ജോലിഭാരം നൽകുന്നത് പതിവാക്കുകയായിരുന്നു. കമ്പനിയിൽ സുരക്ഷാ മാറ്റങ്ങൾ വരുത്തിയെന്ന് ഉടമ അവകാശപ്പെട്ടെങ്കിലും, പരിശോധനകളിൽ കമ്പനിയുടെ പ്രകടനം മുൻപത്തേക്കാൾ മോശമാവുകയാണ് ചെയ്തതെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ ഉത്തരവിലൂടെ അധികൃതർ നൽകുന്നത്.