ആൽബർട്ടയിൽ ആലിപ്പഴ വീഴ്ചയെ ചെറുക്കുന്ന മേൽക്കൂരകൾ ; ഇൻഷുറൻസ് തുകയിൽ വൻ ഇളവിന് സാധ്യത

By: 600110 On: Aug 13, 2026, 12:05 PM

 

 

അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും ആലിപ്പഴ വീഴ്ചയും മൂലം ബുദ്ധിമുട്ടുന്ന ആൽബർട്ട നിവാസികൾക്ക് ആശ്വാസവാർത്ത. ആലിപ്പഴ വീഴ്ചയെയും ശക്തമായ കാറ്റിനെയും ചെറുക്കാൻ ശേഷിയുള്ള പ്രത്യേക തരം മേൽക്കൂരകൾ ആൽബർട്ടയിലെ നിർമ്മാണ മേഖലയിൽ വ്യാപകമാവുകയാണ്. പ്രമുഖ നിർമ്മാണ കമ്പനിയായ 'ഹോംസ് ബൈ ആവി' (Homes by Avi) ഓഗസ്റ്റ് 1 മുതൽ തങ്ങൾ നിർമ്മിക്കുന്ന എല്ലാ പുതിയ വീടുകളിലും ഇത്തരം മേൽക്കൂരകൾ നിർബന്ധമാക്കിയതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) അറിയിച്ചു. പ്രവിശ്യയിൽ ഈ രീതി നടപ്പിലാക്കുന്ന ആദ്യത്തെ പ്രമുഖ ബിൽഡറാണ് ഇവർ.

കാൽഗറി പോലുള്ള പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ഇത്തരം മേൽക്കൂരകളും ഭിത്തികളും (Siding) ഉപയോഗിക്കുന്നത് വഴി ഹോം ഇൻഷുറൻസ് പ്രീമിയത്തിൽ 50 ശതമാനം വരെ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയുന്നതോടെ ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണവും കുറയും. നിലവിലുള്ള പഴയ വീടുകളിൽ ഇത്തരം മേൽക്കൂരകൾ പിടിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരും മുന്നോട്ടുവരണമെന്ന് ഇൻഷുറൻസ് കമ്പനികളും ഐബിസിയും ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി ആൽബർട്ടയിൽ തുടർച്ചയായി കനത്ത ആലിപ്പഴ വീഴ്ചയുണ്ടാകാറുണ്ട്. ഇതുമൂലം എട്ട് ശതകോടിയിലധികം ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം മാത്രം എട്ടോളം കടുത്ത കാലാവസ്ഥാ ദുരന്തങ്ങളാണ് ആൽബർട്ട നേരിട്ടത്. അതിനാൽ, പുതിയ നിർമ്മാണ രീതി പ്രവിശ്യയിലെ ജനങ്ങളുടെ ഇൻഷുറൻസ് ഭാരം കാര്യമായി കുറയ്ക്കുമെന്നാണ് കരുതുന്നത്.