1,000ലേറെ വ്യാജവിവാഹങ്ങള്‍; ഗ്രീന്‍ കാര്‍ഡിനായി വന്‍ തട്ടിപ്പ് ശൃംഖല; അമേരിക്കയില്‍ 11 പേര്‍ക്കെതിരെ കേസ്

By: 600002 On: Aug 13, 2026, 10:05 AM



 

പ്രസാദ് തീയാടിക്കല്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ ആനുകൂല്യങ്ങള്‍ നേടുന്നതിനായി 1,000-ലധികം വ്യാജവിവാഹങ്ങള്‍ സംഘടിപ്പിച്ചെന്നാരോപിച്ച് 11 പേര്‍ക്കെതിരെ ഫെഡറല്‍ അധികൃതര്‍ കേസെടുത്തു. ഏകദേശം ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചിരുന്ന വന്‍ വിവാഹ തട്ടിപ്പ് ശൃംഖലയെയാണ് അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.

2016 മുതല്‍ 2026 ജൂലൈ വരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘം, പ്രധാനമായും ചൈനീസ് പൗരന്മാരെ അമേരിക്കന്‍ പൗരന്മാരുമായി വ്യാജമായി വിവാഹം കഴിപ്പിച്ച് ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള കുടിയേറ്റ ആനുകൂല്യങ്ങള്‍ നേടാന്‍ സഹായിച്ചെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.

ഇതിനായി വിദേശ പൗരന്മാരില്‍ നിന്ന് 100,000 ഡോളര്‍ വരെ ഈടാക്കിയിരുന്നതായും, വ്യാജവിവാഹത്തിന് തയ്യാറാകുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് 30,000 ഡോളര്‍ വരെ നല്‍കിയിരുന്നതായും അധികൃതര്‍ പറയുന്നു. അമേരിക്കന്‍ പൗരന്മാരെ കണ്ടെത്തി എത്തിക്കുന്ന റിക്രൂട്ടര്‍മാര്‍ക്ക് ഒരാള്‍ക്ക് 5,000 ഡോളര്‍ വരെ കമ്മീഷനും നല്‍കിയിരുന്നുവെന്നാണ് ആരോപണം.

വിവാഹങ്ങള്‍ യഥാര്‍ത്ഥമാണെന്ന് കുടിയേറ്റ ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുന്നതിനായി വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിക്കുകയും രേഖകള്‍ തയ്യാറാക്കുകയും ദമ്പതികള്‍ ഒരുമിച്ച് ജീവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന തെളിവുകള്‍ ഒരുക്കുകയും ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനമെങ്കിലും കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ്, പെന്‍സില്‍വേനിയ, കെന്റക്കി, ടെന്നസി, ജോര്‍ജിയ, ഫ്‌ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ശൃംഖല വ്യാപിച്ചിരുന്നുവെന്ന് ഫെഡറല്‍ അധികൃതര്‍ വ്യക്തമാക്കി.

11 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്; ഇവരില്‍ 10 പേരെ ഓഗസ്റ്റ് 12-ന് അറസ്റ്റ് ചെയ്തതായി യു.എസ്. നീതിന്യായ വകുപ്പ് അറിയിച്ചു.

അമേരിക്കന്‍ ചരിത്രത്തില്‍ പ്രോസിക്യൂട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ വിവാഹ തട്ടിപ്പ് കേസുകളിലൊന്നാണിതെന്ന് അധികൃതര്‍ വിശേഷിപ്പിച്ചു.