പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങള്‍ ഓഗസ്റ്റ് 15, 2026 ഔദ്യോഗികമായി 'ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായി' പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരാണ് ഇതുസംബന്ധിച്ച വിളംബരം പുറത്തിറക്കിയത്.
ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍ കാത്തി ഹോചുല്‍ ആണ് ഓഗസ്റ്റ് 15 'ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായി' പ്രഖ്യാപിച്ചത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളും, ന്യൂയോര്‍ക്കിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ നല്‍കുന്ന സംഭാവനകളും വിളംബരത്തില്‍ എടുത്തുപറയുന്നു.
ന്യൂജേഴ്സിയില്‍ ഗവര്‍ണര്‍ മൈക്കി ഷെറില്‍ ആണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ബിസിനസ്സ്, പൊതുസേവനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും വിളംബരം അഭിനന്ദിക്കുന്നു.
ഇന്ത്യയുടെ സമാധാനപരമായ സ്വാതന്ത്ര്യസമരത്തെയും, അഹിംസ, സത്യം, ധാര്‍മ്മിക ധൈര്യം എന്നിവയ്ക്കുള്ള അതിന്റെ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു.