അമേരിക്കയും കാനഡയും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകളിൽ ധാരണയിലെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 19-ന് പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങളിൽ കാനഡ തൃപ്തരല്ലെന്ന് ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലാടിസ്ഥാനത്തിലുള്ള ചില താരിഫുകളിൽ കുറവ് വരുത്താമെന്ന് ചൊവ്വാഴ്ച അമേരിക്ക പുതിയ നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും, കാനഡ പ്രതീക്ഷിച്ചത്ര ഇളവുകൾ ഇതിലില്ല. ഇതേതുടർന്നാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. ഓഗസ്റ്റ് 19 മുതൽ നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
കാനഡയുടെ നിർണായക ധാതുക്കളിലേക്കും ഊർജ്ജ-സുരക്ഷാ മേഖലകളിലേക്കും മുൻഗണനാടിസ്ഥാനത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്ന കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി കാനഡ-യുഎസ് ട്രേഡ് മിനിസ്റ്റർ ഡൊമിനിക് ലെബ്ലാങ്കും അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിൽ വാഷിങ്ടണിൽ തുടർച്ചയായ ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ സ്റ്റീൽ, അലുമിനിയം, മരം, വാഹനങ്ങൾ എന്നിവയ്ക്ക് അമേരിക്ക നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള താരിഫുകൾ ഒഴിവാക്കണമെന്നാണ് കാനഡയുടെ പ്രധാന ആവശ്യം. ഓഗസ്റ്റ് 19-ന് പുതിയ നികുതികൾ പ്രാബല്യത്തിൽ വന്നാൽ തുടർന്ന് ചർച്ചകളുമായി മുന്നോട്ട് പോകാൻ കനേഡിയൻ ജനത താല്പര്യപ്പെടില്ലെന്ന് കാനഡ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. താരിഫുകൾ പൂർണ്ണമായും ഒഴിവാക്കുന്ന മികച്ചൊരു കരാർ ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് സർക്കാരിനോട് ആവശ്യപ്പെട്ടു.
നികുതി ഭീഷണിയിൽ നിന്ന് ഇളവ് ലഭിക്കുന്നതിനായി മദ്യ വിലക്ക് നീക്കുന്നത് ഉൾപ്പെടെയുള്ള ചില യുഎസ് ആവശ്യങ്ങൾക്ക് വഴങ്ങാൻ കാനഡ തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. എങ്കിലും ഓഗസ്റ്റ് 19-ലെ സമയപരിധിക്ക് മുൻപ് ധാരണയിലെത്താൻ ഇരുപക്ഷവും ദിവസേന ചർച്ചകൾ തുടരുകയാണ്.