ഫ്‌ലോറിഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ വാഹന നരഹത്യാ കേസ്  

By: 600002 On: Aug 13, 2026, 9:19 AM



പ്രസാദ് തീയാടിക്കല്‍

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടന്ന അതിവേഗ വാഹനാപകടത്തില്‍ 81 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ആകാശ് ദാസി(Akash Das)നെതിരെ വാഹന നരഹത്യ (Vehicular Homicide) കുറ്റം ചുമത്തി.

ജൂലൈയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള പോലീസ് അറസ്റ്റ് റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, നാല് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ ആകാശ് ദാസ് ഓടിച്ചിരുന്ന കാഡിലാക് എസ്യുവി മണിക്കൂറില്‍ ഏകദേശം 100 മൈല്‍ വേഗത്തില്‍ (ഏകദേശം 161 കിലോമീറ്റര്‍) സഞ്ചരിക്കുകയായിരുന്നു. അപകടം നടന്ന റോഡിലെ അനുവദനീയമായ പരമാവധി വേഗപരിധി 45 മൈല്‍ മാത്രമായിരുന്നു.

വാഹനത്തിന്റെ എയര്‍ബാഗ് കണ്‍ട്രോള്‍ മോഡ്യൂളില്‍ നിന്ന് ശേഖരിച്ച സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങളുടെ സുരക്ഷയെ പൂര്‍ണമായും അവഗണിച്ചുള്ള അപകടകരമായ ഡ്രൈവിംഗാണ് ദാസ് നടത്തിയതെന്ന് വിലയിരുത്തി. സാക്ഷികള്‍ ദാസിന്റെ വാഹനം 'വെടിയുണ്ട പോലെ പാഞ്ഞുപോയി' എന്നാണ് പോലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്.

അതിവേഗത്തില്‍ എത്തിയ കാഡിലാക്, ഗാരി നീല്‍ ഫീല്‍ഡ്‌സ് (81) ഓടിച്ചിരുന്ന ഓഡിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ഓഡി മുന്നില്‍ സ്റ്റോപ്പ് സൈനില്‍ നിര്‍ത്തിയിരുന്ന നിസാന്‍ എസ്യുവിയില്‍ ഇടിക്കുകയും, തുടര്‍ന്ന് ആ വാഹനം മറ്റൊരു വോള്‍വോയിലും ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗാരി നീല്‍ ഫീല്‍ഡ്‌സിനെ Palm Beach Gardens Medical Center ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ആകാശ് ദാസിനും നിസാന്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും നിസാര പരിക്കുകളേറ്റപ്പോള്‍ വോള്‍വോ ഡ്രൈവര്‍ക്ക് പരിക്കില്ല.

ആഗസ്റ്റ് 6-ന് കോടതിയില്‍ ഹാജരാക്കിയ ആകാശ് ദാസിന് ജഡ്ജി ഡൊണാള്‍ഡ് ഹാഫെലെ 1,25,000 ഡോളര്‍ ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീട്ടുതടങ്കലില്‍ കഴിയണം എന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവച്ചു.

ദാസിന്റെ അഭിഭാഷകന്‍ ആഡം ഫര്‍ക്കാസ്, തന്റെ കക്ഷിക്ക് മുന്‍പ് യാതൊരു ക്രിമിനല്‍ കേസുകളുമില്ലെന്നും, കൊളംബിയ സര്‍വകലാശാലയില്‍ മാസ്റ്റേഴ്‌സ് പഠിക്കുന്നതിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംബന്ധിച്ച ഇന്റേണ്‍ഷിപ്പിനായാണ് സൗത്ത് ഫ്‌ലോറിഡയില്‍ എത്തിയിരുന്നതെന്നും കോടതിയെ അറിയിച്ചു.