പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: കാനഡയിലെ സെഷെൽറ്റ് സ്വദേശിക്ക് ഒരു ലക്ഷത്തിലധികം ഡോളർ നഷ്ടമായി

By: 600110 On: Aug 13, 2026, 9:10 AM

 

പോലീസാണെന്നും ബാങ്ക് ജീവനക്കാരാണെന്നും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുസംഘം വാൻകൂവറിൽ ഒരു ലക്ഷത്തിലധികം കനേഡിയൻ ഡോളർ തട്ടിയെടുത്തു. കാനഡയിലെ സീഷെൽറ്റ് സ്വദേശിയാണ് വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവം പുറത്തുവന്നതോടെ അപരിചിതമായ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ പണവും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മുന്നറിയിപ്പ് നൽകി.

വാൻകൂവർ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ചാണ് (Number Spoofing) തട്ടിപ്പുകാർ ഇരയെ വിളിച്ചത്.. വാൻകൂവർ പോലീസ് ചീഫ് സ്റ്റീവ് റായ് ആണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ, ഒരു സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ എന്ന വ്യാജേന വാട്ട്‌സ്ആപ്പ് വഴി വിളിച്ച ഒരു സ്ത്രീ, ബാങ്കിൻ്റെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി പണം അയച്ചു നൽകാൻ നിർദ്ദേശിച്ചു. തട്ടിപ്പാണെന്ന് തിരിച്ചറിയാതെ രണ്ടു ഘട്ടങ്ങളിലായി  1,08,000 ഡോളറാണ് വ്യക്തി തട്ടിപ്പുസംഘത്തിന് കൈമാറിയത്.

പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും പൊതുജനങ്ങളോട് പണം കൈമാറാനോ അന്വേഷണത്തിൻ്റെ ഭാഗമായി ഫണ്ട് മാറ്റാനോ ആവശ്യപ്പെടില്ലെന്ന് ആർ‌സി‌എം‌പി വ്യക്തമാക്കി. കൂടാതെ, ബാങ്കുകൾ ഒടിപിയോ ഓൺ‌ലൈൻ ബാങ്കിംഗ് വിവരങ്ങളോ ഫോണിലൂടെ ചോദിക്കില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കോളർ ഐഡിയിൽ കാണിക്കുന്ന പേരുകളും നമ്പറുകളും വ്യാജമായി നിർമ്മിക്കാൻ സാധിക്കുമെന്നും, സംശയാസ്പദമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ കോൾ വിച്ഛേദിച്ച് ഔദ്യോഗിക നമ്പറുകളിൽ ബാങ്കിനെയോ പോലീസിനെയോ നേരിട്ട് ബന്ധപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് പോലീസ് നിഗമനം.