കൊവിഡ് പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് എത്തേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. കുടുംബത്തില്‍ മരണമടക്കമുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ആര്‍ടിപിസി ആര്‍ ടെസ്റ്റ് നടത്താതെ ഇന്ത്യയിലെത്താന്‍ അനുവദിച്ചിരുന്ന ഇളവാണ് നിര്‍ത്തലാക്കിയത്. ഇനി മുതല്‍ എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
ഉറ്റവരുടെ മരണത്തെ തുടര്‍ന്നോ മറ്റ് അത്യാഹിതങ്ങള്‍ക്കോ അടിയന്തിരമായി പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഇതാണ് കേന്ദ്രം പിന്‍വലിച്ചത്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കി ഇനി രജിസ്റ്റര്‍ ചെയ്യാനാകില്ല. നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം.
യുഎഇ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിയന്തിരമായി നാട്ടില്‍ പോകുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. പല രാജ്യങ്ങളിലും പിസിആര്‍ പരിശോധനക്ക് പല സമയമാണ് എടുക്കുന്നത്. ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും ഷാര്‍ജ വിമാനത്താവളത്തിലും മൂന്ന് മണിക്കൂറിനകം പിസിആര്‍ പരിശോധനാ ഫലം കിട്ടുമെങ്കില്‍ ജിസിസിയിലെ മറ്റ് രാജ്യങ്ങളില്‍ സാധരണ ഗതിയില്‍ എട്ട് മുതല്‍ 12 മണിക്കൂര്‍ വരെയെങ്കിലും എടുക്കും.
Content highlight: Center stops exemptions for exptariates pcr certificate is mandatory for travel