കാനഡയിൽ കൗമാരക്കാർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പുതിയ കണക്കുകൾ. കഴിഞ്ഞ നാല് വർഷത്തെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ 12-നും 17-നും ഇടയിൽ പ്രായമുള്ള 56,956 കുട്ടികൾക്കെതിരെയാണ് കാനഡയിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുള്ളതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി.
ഇതിൽ 13,000-ത്തോളം കേസുകൾ സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളാണ്. വാഹന - വീട് മോഷണം, തട്ടിപ്പ്, പൊതുമുതൽ നശിപ്പിക്കൽ, കവർച്ച മുതൽ സൂക്ഷിക്കൽ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. പ്രോപ്പർട്ടി കേസുകളിൽ ഏർപ്പെട്ടവരിൽ 10,000-ത്തോളം പേർ ആൺകുട്ടികളും 2,301 പേർ പെൺകുട്ടികളുമാണ്. കൂടാതെ വ്യക്തികൾക്ക് നേരെയുള്ള അക്രമങ്ങളും ഭീഷണികളും ഉൾപ്പെടെയുള്ള 22,042 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ, മയക്കുമരുന്ന്-ആയുധ നിയമ ലംഘനങ്ങൾ തുടങ്ങിയവയും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2019-2020 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് ഏറ്റവും ഉയർന്ന നിരക്കായ 74,551 കേസുകൾ രേഖപ്പെടുത്തിയത്. അതിനുശേഷം കേസുകളിൽ കുറവുണ്ടായെങ്കിലും നിലവിൽ ഇത് വീണ്ടും ഉയരുകയാണ്. പിടിയിലാകുന്ന കൗമാരക്കാരിൽ പകുതിയോളം പേരും മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആവർത്തന കുറ്റവാളികളാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, മോഷണം പോലുള്ള കുറ്റങ്ങളിൽ നിന്ന് മാറി കൂടുതൽ അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാർ തിരിയുന്നതായും വിവിധ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA) അനുസരിച്ച് കുറ്റം ചുമത്തപ്പെടുന്ന കൗമാരക്കാർക്ക് ഔദ്യോഗിക താക്കീത്, പിഴ, കമ്മ്യൂണിറ്റി സർവീസ്, പ്രൊബേഷൻ അല്ലെങ്കിൽ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിലെ ശിക്ഷ എന്നിവയാണ് നൽകിവരുന്നത്.