സി.യു.എസ്.എം.എ വ്യാപാര കരാർ റദ്ദാക്കപ്പെട്ടാൽ കാനഡയിലും അമേരിക്കയിലും വൻ തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന്  പഠന റിപ്പോർട്ട്

By: 600110 On: Aug 12, 2026, 2:15 PM

കാനഡ-യു.എസ്-മെക്സിക്കോ വ്യാപാര കരാർ പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ കാനഡയിലെയും അമേരിക്കയിലെയും സാമ്പത്തിക മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. കനേഡിയൻ അമേരിക്കൻ ബിസിനസ് കൗൺസിലിൻ്റെ  നിർദ്ദേശപ്രകാരം 'ഓക്സ്ഫോർഡ് ഇക്കണോമിക്സ്' തയ്യാറാക്കിയ വിശകലന പ്രകാരം, കരാർ റദ്ദാക്കപ്പെടുന്ന പക്ഷം കാനഡയിൽ ഒരു ലക്ഷത്തിലധികം  തൊഴിലവസരങ്ങളും അമേരിക്കയിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.

വ്യാപാര കരാറിൻ്റെ അഭാവം ഇരുരാജ്യങ്ങളിലെയും ഉൽപ്പാദന അധിഷ്ഠിത വ്യവസായങ്ങളെയാകും പ്രാഥമികമായി പ്രതികൂലമായി ബാധിക്കുക. മോട്ടോർ വാഹന നിർമ്മാണം, ഉൽപ്പാദന യന്ത്രങ്ങൾ, രാസവസ്തുക്കൾ, വനവിഭവങ്ങൾ എന്നീ മേഖലകളിൽ വിതരണ ശൃംഖല നേരിടുന്ന തടസ്സങ്ങൾ ആഗോള വിപണിയിലെ മത്സരശേഷിയെ ക്ഷയിപ്പിക്കും. നിർമ്മാണ മേഖലയിലുണ്ടാകുന്ന ഈ തിരിച്ചടി, ഉപഭോക്തൃ ചെലവഴിക്കൽ കുറയ്ക്കുകയും സേവന മേഖലയിലേക്ക് കൂടി സാമ്പത്തിക മാന്ദ്യം പടർത്താൻ ഇടയാക്കുകയും ചെയ്യുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 2035-ഓടെ അമേരിക്കൻ ജി.ഡി.പിയിൽ 1.04 ട്രില്യൺ ഡോളറിൻ്റെയും കനേഡിയൻ ജി.ഡി.പിയിൽ 271 ശതകോടി ഡോളറിൻ്റെയും ഉൽപ്പാദന നഷ്ടം ഇതിലൂടെ രേഖപ്പെടുത്തിയേക്കാം.

അതേസമയം, പരസ്പര ധാരണയോടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുകയും കരാർ വിജയകരമായി പുതുക്കുകയും ചെയ്താൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവുകയാണെങ്കിൽ അമേരിക്കയിൽ 1,37,000-ഉം കാനഡയിൽ 98,000-ഉം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതിനാൽ ഇരുരാജ്യങ്ങളുടെയും ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കും വിപണി സുരക്ഷിതത്വത്തിനും സി.യു.എസ്.എം.എ കരാർ തടസ്സമില്ലാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.