ടൊറൻ്റോയിൽ ഫേസ്‌ബുക്ക് മാർക്കറ്റ്‌പ്ലേസ് ഇടപാടിനിടെ കവർച്ചാശ്രമം; ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

By: 600110 On: Aug 12, 2026, 1:59 PM

ഫേസ്‌ബുക്ക് മാർക്കറ്റ്‌പ്ലേസ്  പ്ലാറ്റ്‌ഫോം വഴി ഉൽപ്പന്നം വിൽക്കാനെത്തിയ വ്യക്തിക്ക് നേരെ മോഷണശ്രമവും അക്രമവും നടന്നതായി ടൊറൻ്റോ പോലീസ് . കോക്സ്‌വെൽ അവന്യൂ, ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റ്  ജംഗ്ഷനിൽ രാത്രി 8:40 ഓടെയാണ് സംഭവം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉൽപ്പന്നം വാങ്ങാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ വിൽപനക്കാരനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ഇടപാടിനിടയിൽ പ്രതി പെട്ടെന്ന് ഇരയുടെ മുഖത്തേക്ക് അപകടകരമായ രാസവസ്തു തളിക്കുകയും ഉൽപ്പന്നം കവർച്ച ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അതിക്രമത്തെ വിൽപനക്കാരൻ ചെറുത്തതിനെത്തുടർന്ന് കവർച്ചാശ്രമം പരാജയപ്പെടുകയും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതായും പരിക്കുകൾ ഗുരുതരമല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏകദേശം 18 വയസ്സ് പ്രായവും ആറടി ഉയരവുമുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവ സമയത്ത് കറുത്ത വസ്ത്രം ധരിച്ചിരുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായോ പ്രാദേശിക പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൂടാതെ, ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ മുഖേനയുള്ള വ്യക്തിഗത ഇടപാടുകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരക്ഷിതമായ പൊതുസ്ഥലങ്ങൾ മാത്രം കൂടിക്കാഴ്ചകൾക്കായി തിരഞ്ഞെടുക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.