മാനസിക വിഭ്രാന്തി മൂലം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷയിൽ നിന്ന് ഇളവ് നൽകുന്ന കാനഡയിലെ 'നോട്ട് ക്രിമിനലി റെസ്പോൺസിബിൾ' (NCR) നിയമത്തിൻ്റെ വിനിയോഗത്തിലും, രാജ്യത്തെ മാനസികാരോഗ്യ സംവിധാനങ്ങളിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വ്യക്തമാക്കുന്ന പുതിയ പഠനം പുറത്ത്. ഇത്തരം ആക്രമണങ്ങൾ മുൻകൂട്ടി തിരിച്ചറിയാനോ തടയാനോ നിലവിലെ പൊതുജനാരോഗ്യ നിരീക്ഷണ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
സമീപകാലത്തെ എൻസിആർ കേസുകൾ വിശകലനം ചെയ്തതിൽ നിന്നും, ലഹരിവസ്തുക്കളുടെ ഉപയോഗവും പ്രത്യേകിച്ച് കഞ്ചാവിൻ്റെ സ്വാധീനവും ഇത്തരം ആക്രമണങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. എൻസിആർ നിയമപരിരക്ഷ ലഭിച്ച വ്യക്തികളിൽ ഭൂരിഭാഗവും ഇത്തരം ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഇത്തരത്തിലുള്ള അതിക്രമങ്ങളിൽ ഇരകളാക്കപ്പെടുന്നവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഈ പഠനത്തിൽ പുറത്ത് വന്നിട്ടുണ്ട്.
ഫൊറൻസിക് സൈക്യാട്രി വിലയിരുത്തലുകളിലെ അപകതകളും കുറ്റകൃത്യങ്ങൾക്ക് മുൻപുള്ള സുപ്രധാന മുൻകരുതൽ സൂചനകൾ അവഗണിക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സുരക്ഷിതത്വവും പുനരധിവാസവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമം നിർമ്മിച്ചതെങ്കിലും, ദുർബലമായ മേൽനോട്ടം മൂലം പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആയതിനാൽ കാനഡയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും ആരോഗ്യ പരിപാലന രംഗത്തും കാലോചിതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.