കാനഡയിൽ തിമിംഗലത്തിൻ്റെ അതിശയിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു: അന്താരാഷ്ട്ര ശ്രദ്ധ നേടി ഇൻസ്റ്റാഗ്രാം വീഡിയോ

By: 600110 On: Aug 12, 2026, 1:39 PM

 

ക്യുബെക് തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ടിന് സമീപം ഒരു കൂറ്റൻ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് ഉയർന്ന ചാടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തദൗസാക് തീരത്ത് 'ക്രൊയ്‌സിയേഴ്‌സ് എഎംഎൽ' നടത്തുന്ന തിമിംഗല നിരീക്ഷണ യാത്രയ്ക്കിടെ എലീന പാരൻ്റ് എന്ന യാത്രക്കാരിയാണ് ഈ അപൂർവ്വ രംഗം ക്യാമറയിൽ പകർത്തിയത്. ജലോപരിതലത്തിൽ നിന്ന് അതിശക്തമായി ഉയർന്നുപൊങ്ങി തിരികെ വെള്ളത്തിലേക്ക് കൂപ്പുകുത്തിയ തിമിംഗലത്തിൻ്റെ പ്രകടനം കണ്ടുനിന്ന യാത്രക്കാരിൽ വലിയ അത്ഭുതവും ആവേശവുമാണ് ഉണ്ടാക്കിയത്.

തൻ്റെ കാനഡ സന്ദർശനത്തിലെ "ഏറ്റവും മനോഹരമായ ഓർമ്മ" എന്ന കുറിപ്പോടെ എലീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. 'എബിസി 7 ഷിക്കാഗോ' അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വീഡിയോ ഏറ്റെടുത്തതോടെ സംഗതി ആഗോളതലത്തിൽ ശ്രദ്ധ നേടി. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന മനോഹര നിമിഷമാണിതെന്നാണ് വീഡിയോയ്ക്ക് താഴെ ലോകമെമ്പാടുമുള്ള ആളുകൾ കുറിക്കുന്നത്.

വിനോദസഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട കേന്ദ്രമായ കാനഡയിലെ സാഗ്നേ-സെൻ്റ് ലോറൻസ് മറൈൻ പാർക്ക് പരിധിയിൽ 13 ഓളം ഇനം തിമിംഗലങ്ങളെ കാണാൻ സാധിക്കാറുണ്ട്. മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടെ തിമിംഗല നിരീക്ഷണം സജീവമാകുന്നത്. ഹംപ്ബാക്ക്, ഫിൻ തുടങ്ങിയ അപൂർവ്വ ഇനങ്ങളിൽപ്പെട്ട തിമിംഗലങ്ങളെയും ബെലുഗകളെയും അടുത്തറിയാൻ ആയിരക്കണക്കിന് ആളുകളാണ് പ്രതിവർഷം ഇവിടെ എത്തുന്നത്.