പി പി ചെറിയാന്‍
സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്ത കേസില്‍ മുന്‍ ഏകാധിപതി ബശ്ശാര്‍ അല്‍ അസദിന് സിറിയന്‍ കോടതി ചൊവാഴ്ച വധശിക്ഷ വിധിച്ചു. അസദിന്റെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
2024 ഡിസംബറില്‍ അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള വിമതസേന ഭരണം പിടിച്ചെടുത്തതോടെ അസദും കുടുംബവും റഷ്യയിലെ മോസ്‌കോയിലേക്ക് കടന്നു.
അസദിന്റെ ബന്ധുവും മുന്‍ പൊളിറ്റിക്കല്‍ സെക്യൂരിറ്റി മേധാവിയുമായ ആത്തിഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചു. വിചാരണ വേളയില്‍ നജീബ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
2011-ല്‍ ദെറാ നഗരത്തില്‍ ഗവണ്‍മെന്റ് വിരുദ്ധ വാചകങ്ങള്‍ എഴുതിയ കൗമാരക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വിചാരണയില്‍ തെളിഞ്ഞത്.
നിലവില്‍ റഷ്യയില്‍ അഭയം തേടിയിരിക്കുന്ന അസദിനെ വിട്ടുകിട്ടാന്‍ റഷ്യയോട് സിറിയന്‍ പുതിയ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുമോ എന്നതില്‍ വ്യക്തതയില്ല.