കാനഡയിലെ സൗത്ത് എഡ്മണ്ടണിലുള്ള വാൾമാർട്ട് സ്റ്റോറിൽ വെച്ച് പഞ്ചാബിയായ ട്രക്ക് ഡ്രൈവർക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ തൽവിന്ദർ സിംഗ് അത്വാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. കേസിൽ എഡ്മണ്ടൺ പോലീസ് സർവീസിൻ്റെ 'ഹേറ്റ് ക്രൈംസ് യൂണിറ്റ്' അന്വേഷണം ആരംഭിച്ചു.
സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയ തന്നെ ഒരു പുരുഷനും സ്ത്രീയും ചേർന്ന് പരിഹസിച്ചതായി അത്വൽ പറഞ്ഞു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഇയാൾ അത്വാലിൻ്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും താടിക്ക് പിടിച്ചുവലിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സ്ത്രീ ഇയാളെ തള്ളിമാറ്റുകയും ചെയ്തു. അത്വാലിൻ്റെ തലപ്പാവ് ഭാഗികമായി അഴിഞ്ഞുപോയ നിലയിൽ തറയിൽ വീണുകിടക്കുന്ന വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക പ്രതികരണത്തിൽ അത്വൽ നിരാശ പ്രകടിപ്പിച്ചു. ഇരുവിഭാഗത്തിനെതിരെയും കേസ് എടുക്കാമെന്നാണ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതെന്ന് ഇയാൾ ആരോപിച്ചു. സംഭവം ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവം കാനഡയിലെ സിഖ്, പഞ്ചാബി സമൂഹങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നിയമനടപടികളും പോലീസ് സേനയ്ക്ക് മതിയായ പരിശീലനവും ആവശ്യമാണെന്ന് കമ്മ്യൂണിറ്റി നേതാക്കൾ വ്യക്തമാക്കി. സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ വിവരങ്ങൾ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.