മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം 

By: 600007 On: Oct 29, 2021, 5:49 PM

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തില്‍  കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയര്‍ന്നു.

ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ ഭാഗമായി രാവിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. നിലവില്‍ രണ്ട്, മൂന്ന്, നാലു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. നേരത്തെ 550 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. ഇതാണ് 825 ഘനയടിയായി ഉയര്‍ത്തിയത്. പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് 138.85 ആയി ഉയര്‍ന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍വായ 2398.32 അടിയിലെത്തിയതോടെയാണ്  ജാഗ്രത പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് 2398.30 അടിയായി താഴ്ന്നതോടെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. 

Content highlight: One more shutter opened in mullaperiyar dam