വ്യാജ പൈലറ്റ് ചമഞ്ഞ് 'സൗജന്യ വിമാനയാത്രകൾ': കുറ്റസമ്മതം നടത്തി കനേഡിയൻ പൗരൻ

By: 600110 On: Aug 12, 2026, 11:51 AM

 

 

പൈലറ്റായി ചമഞ്ഞ് വർഷങ്ങളോളം നൂറുകണക്കിന് വിമാനങ്ങളിൽ  സൗജന്യ യാത്ര നടത്തിയ മുൻ എയർലൈൻ ജീവനക്കാരൻ യു.എസിൽ അറസ്റ്റിലായി. ടൊറൻ്റോ സ്വദേശിയായ ഡാലസ് പോക്കോർണിക് എന്നയാളാണ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്. പ്രശസ്ത ഹോളിവുഡ് ചിത്രം 'ക്യാച്ച് മി ഇഫ് യൂ കാൻ' സിനിമയിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ തട്ടിപ്പ്.

മുമ്പ് ഒരു കനേഡിയൻ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡൻ്റായി ജോലി ചെയ്തിരുന്ന പോക്കോർണിക്, അവിടുത്തെ ജോലി പരിചയം വെച്ചാണ് തട്ടിപ്പ് സൂത്രധാരണം ചെയ്തത്.  ജീവനക്കാരൻ്റെ വ്യാജ ഐഡൻ്റിറ്റി കാർഡ് ഉണ്ടാക്കി മൂന്ന് പ്രമുഖ അമേരിക്കൻ എയർലൈൻ വിമാനങ്ങളിലാണ് ഇയാൾ വ്യാജ പൈലറ്റായി സൗജന്യമായി യാത്ര ചെയ്തത്. 2020 ജനുവരി മുതൽ 2024 ഒക്ടോബർ വരെ നാല് വർഷത്തിലധികം ഇയാളുടെ വ്യാജ യാത്ര തുടർന്നു. പിന്നീട് അധികൃതരുടെ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവരികയായിരുന്നു. തുടർന്ന് പനാമയിൽ വെച്ച് അറസ്റ്റിലായ ഇയാളെ യു.എസിലേക്ക് നാടുകടത്തുകയായിരുന്നു.

ഹവായ് ഫെഡറൽ കോടതിയിലാണ് ഓഗസ്റ്റ് ആറിന് പ്രതി കുറ്റസമ്മതം നടത്തിയത്. കേസിൽ വഞ്ചനാക്കുറ്റത്തിന് പോക്കോർണിക്കിന് 20 വർഷം വരെ തടവുശിക്ഷയും 2,50,000 യു.എസ് ഡോളർ  പിഴയും ലഭിച്ചേക്കാം. ഡിസംബർ എട്ടിനാണ് കേസിൽ ശിക്ഷ വിധി പ്രഖ്യാപിക്കുന്നത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.