ഹൂസ്റ്റണില്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശ ആഗസ്റ്റ് 21, 22 തീയതികളില്‍ 

By: 600002 On: Aug 12, 2026, 8:18 AM


 

ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയത്തിന്റെ പുതിയ ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധ കൂദാശ ആഗസ്റ്റ് 21, 22 തീയതികളില്‍ വിവിധ ആത്മീയ ശുശ്രൂഷകളോടെ നടത്തപ്പെടും. ഹൂസ്റ്റണിലെ 13218 Player Street-ലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കൂദാശ നടക്കുന്നത്.

സൗത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, അടൂര്‍-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ വിശുദ്ധ കൂദാശാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

1986-ല്‍ പൂര്‍ത്തീകരിച്ച് കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടം നിരവധി വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന ഇടവക സമൂഹത്തിന്റെ ആരാധനാ ആവശ്യങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റിവരികയായിരുന്നു. എന്നാല്‍, കാലക്രമേണ ഇടവകാംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നിലവിലെ സൗകര്യങ്ങള്‍ പരിമിതമാകുകയും ആരാധനയ്ക്കും വിവിധ ശുശ്രൂഷകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു.

കൂടുതല്‍ വിശാലവും സൗകര്യപ്രദവുമായ ഒരു ആരാധനാ കേന്ദ്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിലെ നിര്‍മ്മാണ കമ്മിറ്റി 2020-ല്‍ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി, 12,000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും ഏകദേശം 450 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യവുമുള്ള അതിമനോഹരമായ പുതിയ ആരാധനാ കേന്ദ്രം ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്.

48 ലക്ഷം ഡോളര്‍ (4.8 മില്യണ്‍ ഡോളര്‍) ചെലവിലാണ് ഈ മഹത്തായ ആരാധനാ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ ആരാധനാ കേന്ദ്രം ഒരു കെട്ടിടം മാത്രമല്ല; വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും സാക്ഷ്യമാണ്. വരും തലമുറകള്‍ക്കും വിശ്വാസ സമൂഹത്തിനും അനുഗ്രഹമായി മാറുന്ന ഈ പുതിയ ദേവാലയം ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

ആഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും. ആഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും ഭക്തിഗാനവും തുടര്‍ന്ന് അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ആഗസ്റ്റ് 19 ബുധനാഴ്ച അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തും.

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും ഗാനശുശ്രൂഷയും തുടര്‍ന്ന് ആര്‍ച്ചഞ്ചല്‍ റാഫേല്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. അബൂന ടോബിയ മനോലി ധ്യാനപ്രസംഗം നടത്തും.

ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 5ന് മെത്രാപ്പോലീത്തമാരെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കും. 5.30ന് പുതിയ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും 5.45ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് 6.45ന് കൂദാശയുടെ ഒന്നാം ഭാഗം ആരംഭിക്കും.

ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7ന് കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും നടക്കും. രാവിലെ 11.30ന് അനുസ്മരണവും ധ്യാനവും, ഉച്ചയ്ക്ക് 12.30ന് കൈമുത്തും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

വികാരി: റവ. ഫാ. വറുഗീസ് തോമസ്, അസിസ്റ്റന്റ് വികാരി: റവ. ഫാ. ജോണ്‍ വറുഗീസ്, ട്രസ്റ്റി: വിനു വര്‍ഗീസ്, സെക്രട്ടറി: യല്‍ദോ പീറ്റര്‍, പ്രോജക്ട് മാനേജര്‍: ജിജേഷ് വര്‍ഗീസ്, കണ്‍സ്ട്രക്ഷന്‍ ലീഡ്: ആഷ്ലി ജോര്‍ജ്, ഫിനാന്‍സ് ലീഡ്: ബെന്‍സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.