പി പി ചെറിയാന്‍
ന്യൂയോര്‍ക് /തിരുവല്ല: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി മലങ്കര മാര്‍ത്തോമാ സുറിയാനി സഭ നിര്‍മ്മിച്ച് നല്‍കുന്ന പുതിയ വീടുകളുടെ സമര്‍പ്പണ ചടങ്ങ് 2026 ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും. വയനാട് വൈത്തിരി താലൂക്കിലെ വടുവഞ്ചാലില്‍ വൈകുന്നേരം 3.00 മണിക്കാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ചടങ്ങിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നിര്‍വ്വഹിക്കും. റൈറ്റ് റവ. ഡോ. മാത്യൂസ് മാര്‍ മക്കറിയോസ് എപ്പിസ്‌കോപ്പ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്ത് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന മാര്‍ത്തോമാ സഭയുടെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ ഭവനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമര്‍പ്പണ ശുശ്രൂഷകളിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യം ക്ഷണിക്കുന്നതായി സഭാ സെക്രട്ടറി റവ. അബി ടി. മാമ്മന്‍ അറിയിച്ചു.