പ്രസാദ് തീയാടിക്കല്‍
ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സാസ്): ഏകദേശം മൂന്ന് പതിറ്റാണ്ടായി ഒളിവില്‍ കഴിഞ്ഞിരുന്ന 48-കാരിയായ മരിയ നാരസ് (Maria Narez) മെക്‌സിക്കോയില്‍ അറസ്റ്റിലായി. 1996-ല്‍ മൂന്ന് വയസുകാരിയായ മകള്‍ കാസാന്‍ഡ്ര എല്‍. വൈറ്റിന്റെ (Kasandra L. White) മരണവുമായി ബന്ധപ്പെട്ട് ടെക്‌സാസിലെ ടാറന്റ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാപിറ്റല്‍ മര്‍ഡര്‍ കേസിലാണ് നാരസ് പ്രതിയായിരുന്നത്.
അന്വേഷണ രേഖകള്‍ പ്രകാരം, കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തുടര്‍ന്ന് 1997-ല്‍ ഗ്രാന്‍ഡ് ജൂറി നാരസിനെതിരെ ക്യാപിറ്റല്‍ മര്‍ഡര്‍ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ജാമ്യത്തുക 25,000 ഡോളറായി കുറച്ചതിന് ശേഷം കോടതിയില്‍ ഹാജരാകാതിരുന്ന നാരസ് രാജ്യം വിട്ട് ഒളിവില്‍ പോകുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
മെക്‌സിക്കോ ഇന്റര്‍പോള്‍, യു.എസ്. മാര്‍ഷല്‍സ് സര്‍വീസ്, യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത അന്തര്‍ദേശീയ നീക്കത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച നാരസിനെ മെക്‌സിക്കോയില്‍ പിടികൂടിയത്. ടാറന്റ് കൗണ്ടിയില്‍ വിചാരണ നേരിടുന്നതിനായി അവരെ അമേരിക്കയിലേക്ക് കൈമാറാനുള്ള (Extradition) നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.