പ്രസാദ് തീയാടിക്കല്‍
ന്യൂഡല്‍ഹി: ഉപേക്ഷിക്കപ്പെടുന്ന പുളിവിത്തുകള്‍ ഉപയോഗിച്ച് വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള ജൈവവിഘടന ശേഷിയുള്ള (Biodegradable) ഫില്‍ട്ടര്‍ വികസിപ്പിച്ച മൂന്ന് ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'ഗ്ലോബല്‍ എര്‍ത്ത് പ്രൈസ് 2026' സ്വന്തമാക്കി.
വിവാന്‍ ചാവ്ചാരിയ, അരിയാന അഗര്‍വാള്‍, അവ്യാന മേത്ത എന്നിവരാണ് ഈ ശ്രദ്ധേയമായ കണ്ടുപിടിത്തത്തിന് പിന്നില്‍. ഇവരുടെ ശാസ്ത്രാധ്യാപിക മിനല്‍ ജെയിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. 'Plas-Stick' എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ പുളിവിത്തില്‍ നിന്നുള്ള പ്രത്യേക പൊടിയും കാന്തിക സാങ്കേതികവിദ്യയും ഉപയോഗിച്ച് വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങളെ ആകര്‍ഷിച്ച് വേര്‍തിരിച്ചെടുക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
വലിയതും ചെലവേറിയതുമായ ജലശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്ത പ്രദേശങ്ങള്‍ക്കും ഗ്രാമീണ സമൂഹങ്ങള്‍ക്കും ഈ കണ്ടുപിടിത്തം ഏറെ പ്രയോജനകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിക്കാനാകുന്നതും ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകതയാണ്.
പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധജല ലഭ്യതയ്ക്കും യുവതലമുറയുടെ ശാസ്ത്രീയ ചിന്തയും നവീന ആശയങ്ങളും എത്രത്തോളം മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഈ നേട്ടം ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.