സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി

By: 600002 On: Aug 12, 2026, 7:14 AM



 

പ്രസാദ് തീയാടിക്കല്‍

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും മുന്‍ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി മുഴക്കി കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഗാംഗുലിയുടെ ഓഫീസില്‍ തിങ്കളാഴ്ച ലഭിച്ച രണ്ട് കത്തുകളിലാണ് ഇരുവരെയും കൊലപ്പെടുത്തുമെന്നും കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ദോഷം ചെയ്യുമെന്നും ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി ഗാംഗുലിയുടെ പേരില്‍ അപകീര്‍ത്തികരവും ഭീഷണിസ്വഭാവമുള്ളതുമായ കത്തുകള്‍ ലഭിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ആദ്യകാല കത്തുകള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ലഭിച്ച രണ്ട് കത്തുകളിലെ വ്യക്തമായ വധഭീഷണിയെ തുടര്‍ന്നാണ് ഗാംഗുലിയുടെ ഓഫീസ് പൊലീസില്‍ ഔദ്യോഗിക പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തുകള്‍ എത്തിച്ച കൂറിയര്‍ വഴിയും അയച്ചയാളുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്ക് പിന്നിലെ ഉദ്ദേശ്യവും പ്രതിയുടെ തിരിച്ചറിയലും കണ്ടെത്താന്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്.

സംഭവത്തെ തുടര്‍ന്ന് സൗരവ് ഗാംഗുലിയുടെയും കുടുംബത്തിന്റെയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.