കാൽഗറി നഗരത്തിൽ പ്രധാന ഫൈബർ ഒപ്റ്റിക് കേബിൾ മുറിച്ചു മാറ്റിയതിനെത്തുടർന്ന് റോജേഴ്സ് ടെലികോം സേവനങ്ങൾ കനത്ത രീതിയിൽ തടസ്സപ്പെട്ടു. കേബിൾ മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കാനഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 6:20-ഓടെ എർൾട്ടൺ സ്ട്രീറ്റിലാണ് കേബിൾ മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് കാൽഗറി മേഖലകളിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇൻ്റർനെറ്റ്, ടിവി, ലാൻഡ് ഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. അടിയന്തര ആശയവിനിമയ സംവിധാനങ്ങളെപ്പോലും ബാധിച്ച ഈ സംഭവം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി.
വിവരമറിഞ്ഞയുടൻ തന്നെ റോജേഴ്സിൻ്റെ സാങ്കേതിക വിദഗ്ദ്ധരും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ തടസ്സപ്പെട്ട സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് റോജേഴ്സ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കാൽഗറി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കേബിളുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.