അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30വരെ നീട്ടി

By: 600007 On: Oct 29, 2021, 5:38 PM


കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഒക്ടോബര്‍ അവസാനം വരെ ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ഡിജിസിഎ വെള്ളിയാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കേണ്ടതില്ലെന്നാണ് ഡിജിസിഎയുടെ തീരുമാനം. 

വിലക്ക് നവംബര്‍ അവസാനം വരെ നീട്ടിയെങ്കിലും കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച് ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തുന്ന വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. ഡിജിസിഎ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാപകമായതോടെ കഴിഞ്ഞ മാര്‍ച്ച് 23 മുതലാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും വ്യോമയാന അതോറിറ്റി നിരോധനം നീട്ടിയിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ മെയ് മാസത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

അതിനിടെ, കൊവിഡ് പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് എത്തേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. കുടുംബത്തില്‍ മരണമടക്കമുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ആര്‍ടിപിസി ആര്‍ ടെസ്റ്റ് നടത്താതെ ഇന്ത്യയിലെത്താന്‍ അനുവദിച്ചിരുന്ന ഇളവാണ് നിര്‍ത്തലാക്കിയത്. എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നിര്‍ത്തലാക്കിയതോടെ 72 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇതിനായി ടെസ്റ്റ് നടത്തി ഫലം ലഭ്യമാകുന്നതുവരെ യാത്രയ്ക്കായി കാത്തിരിക്കുകയും വേണം. ഇതിന് ശേഷം മാത്രമാകും ഇന്ത്യയിലേക്ക് എത്താന്‍ സാധിക്കുക. 

Content highlight: Extends ban on international passenger flights until november 30