യൂറോപ്യൻ യൂണിയൻ്റെ ഇ.ടി.ഐ.എ.എസ്. ട്രാവൽ പെർമിറ്റ് അനിശ്ചിതകാലത്തേക്ക് നീട്ടി: കനേഡിയൻ യാത്രികർക്ക് താൽക്കാലിക ആശ്വാസം

By: 600110 On: Aug 11, 2026, 12:29 PM

 

കനേഡിയൻ പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പുതിയ യാത്രാ അനുമതി പത്രമായ 'ഇ.ടി.ഐ.എ.എസ്'  നടപ്പിലാക്കുന്നത് യൂറോപ്യൻ യൂണിയൻ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. സാങ്കേതിക തടസ്സങ്ങളും അതിർത്തി പരിശോധനാ സംവിധാനങ്ങളിലെ കാലതാമസവുമാണ് പുതിയ ഉത്തരവിന് കാരണം. ഇതോടെ, കാനഡയിൽ നിന്നുള്ള യാത്രികർക്ക് ഉടൻ തന്നെ പ്രത്യേക അനുമതി പത്രത്തിന് അപേക്ഷിക്കേണ്ടി വരില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

യൂറോപ്പിലെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുന്ന കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കായിട്ടാണ് ഇ.ടി.ഐ.എ.എസ്  അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. 90 ദിവസം വരെയുള്ള ഹ്രസ്വകാല സന്ദർശനങ്ങൾക്കാണ് ഇത് നിർബന്ധമാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിലവിൽ ഇ.ടി.ഐ.എ.എസ്. പ്രാബല്യത്തിലില്ലെന്നും യാതൊരു അപേക്ഷകളും സ്വീകരിക്കുന്നില്ലെന്നും ഇ.യു.യുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കി. പുതിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

നിലവിലെ സാഹചര്യത്തിൽ കാനഡക്കാർക്ക് തങ്ങളുടെ സാധുതയുള്ള പാസ്‌പോർട്ട് ഉപയോഗിച്ച് പഴയതുപോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഭാവിയിൽ ഈ സംവിധാനം നിലവിൽ വരുമ്പോൾ അപേക്ഷിക്കാൻ 20 യൂറോ ഫീസ് നൽകേണ്ടി വരും. ഇ.ടി.ഐ.എ.എസ്. വ്യാജമായി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് വെബ്‌സൈറ്റുകൾക്കെതിരെ കനേഡിയൻ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതുവരെ ഇത്തരം വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.