ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാള്‍ ആഗസ്റ്റ് 16ന്

By: 600002 On: Aug 11, 2026, 12:26 PM

 

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ വലിയ പെരുന്നാള്‍ ആഗസ്റ്റ് 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാള്‍ കൊടിയേറ്റ് ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍ നിര്‍വഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 1 മുതല്‍ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്‌കാരം, മധ്യസ്ഥ പ്രാര്‍ത്ഥന, തുടര്‍ന്ന് നേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.

ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ പതിനഞ്ചുദിവസത്തെ നോമ്പിന്റെ സമാപനം (നോമ്പുവിടല്‍) നടക്കും. തുടര്‍ന്ന് റവ. ഫാ. പി. കെ. വര്‍ഗീസ് ഭക്തിനിര്‍ഭരമായ വചനപ്രഘോഷണം നടത്തും.

ആഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് റവ. ഫാ. പി. കെ. വര്‍ഗീസിന്റെ വചനപ്രഘോഷണവും നടക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും നേര്‍ച്ചയും ഉണ്ടായിരിക്കും.

ആഗസ്റ്റ് 16 ഞായറാഴ്ചയാണ് പ്രധാന പെരുന്നാള്‍ ദിനം. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്‌കാരത്തിനുശേഷം റവ. ഫാ. പി. കെ. വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പീക്കും. തുടര്‍ന്ന് റാസ, പെരുന്നാള്‍ വാഴ്വ് സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇടവക ട്രസ്റ്റി ശ്രീ. അനില്‍ എബ്രഹാം, സെക്രട്ടറി ശ്രീ. മോന്‍സണ്‍ പുന്നൂസ്, പെരുന്നാള്‍ കണ്‍വീനര്‍ ഷാജി പുളിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു. വിശ്വാസികളെയും സുഹൃത്തുക്കളെയും ഏവരെയും അനുഗ്രഹീതമായ പെരുന്നാള്‍ ആഘോഷങ്ങളില്‍ നേര്‍ച്ച കാഴ്ചകളോടെ പങ്കുചേരുന്നതിനായി സെന്റ് മേരീസ് ഇടവക ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.