വിന്നിബെഗിൽ ഗുരുതരാവസ്ഥയിലുള്ള ക്യാൻസർ രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കാതെ ആശുപത്രി ഇടനാഴിയിലെ സ്ട്രെച്ചറിൽ 20 മണിക്കൂറോളം കഴിയേണ്ടി വന്നതായി പരാതി. വിന്നിപെഗിലുള്ള ഹെൽത്ത് സയൻസസ് സെൻ്ററിലാണ് ക്യാൻസർ ബാധിതയായ കോളീൻ ടിറ്റാനിച്ച് എന്ന വയോധികയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ട് വന്നത്. ഒടുവിൽ മകൾ ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രതിഷേധമറിയിച്ചതിന് ശേഷമാണ് രോഗിയെ പാലിയേറ്റീവ് കെയർ വാർഡിലേക്ക് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഴുത്ത് വേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം കോളീനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ കടുത്ത തിരക്കാണെന്നും ഡോക്ടറെ കാണാൻ 21 മുതൽ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് അധികൃതർ പറഞ്ഞത്. രോഗികളെക്കൊണ്ട് നിറഞ്ഞ ഇടനാഴിയിൽ ലഹരി ഉപയോഗത്തെത്തുടർന്ന് ചികിത്സയ്ക്കെത്തിയവർ ബഹളം വയ്ക്കുന്നതും നഴ്സുമാർക്ക് നേരെ തുപ്പുന്നതുമടക്കമുള്ള ഭയാനകമായ സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് മകൾ തെരേസ പറഞ്ഞു.
പിറ്റേന്ന് രാവിലെയായിട്ടും അമ്മയെ ഡോക്ടർ പരിശോധിച്ചില്ലെന്ന് മനസ്സിലാക്കിയ തെരേസ മാനിറ്റോബ പ്രവിശ്യയിലെ ആരോഗ്യമന്ത്രി ഉസോമ അസാഗ്വാരയെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മിനിറ്റുകൾക്കകം വയോധികയെ ഇടനാഴിയിൽ നിന്ന് മാറ്റി കിടക്ക നൽകുകയും, തുടർന്ന് വിദഗ്ധ പരിചരണത്തിനായി റിവർവ്യൂ ഹെൽത്ത് സെൻ്ററിലേക്ക് മാറ്റുകയും ചെയ്തു. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അമ്മ ഇപ്പോഴും ആ ഇടനാഴിയിൽ കിടക്കേണ്ടി വരുമായിരുന്നുവെന്നും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും തെരേസ പറഞ്ഞു. ലഹരിമുക്തി ചികിത്സയ്ക്കായി എത്തുന്നവരെയും ഗുരുതര രോഗമുള്ളവരെയും ഒരുമിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, വയോധികർക്കും കുട്ടികൾക്കും അടിയന്തര ചികിത്സ ഉറപ്പാക്കാൻ പ്രത്യേക സംവിധാനം വേണമെന്നും തെരേസ ആവശ്യപ്പെട്ടു.
സംഭവത്തിൽ മാനിറ്റോബ ആരോഗ്യമന്ത്രി ഉസോമ അസാഗ്വാര ഖേദം പ്രകടിപ്പിച്ചു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം വളരെ കൂടുതലാണെന്ന കാര്യം അംഗീകരിക്കുന്നുവെന്നും, ജീവനക്കാരുടെ കുറവ് പരിഹരിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനും നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.