ക്യുബെക്കിൽ വീണ്ടുമൊരു പൂച്ചയ്ക്ക് റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

By: 600110 On: Aug 11, 2026, 12:22 PM

കാനഡയിലെ ക്യുബെക്ക് പ്രവിശ്യയിൽ ഒരു പൂച്ചയ്ക്ക് കൂടി റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചു. മോൺടെറേജി മേഖലയിലെ സെൻ്റ്-അനിസെറ്റിൽ നിന്നാണ് രോഗബാധയുള്ള രണ്ടാമത്തെ പൂച്ചയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേർക്ക് മുൻകരുതലിൻ്റെ ഭാഗമായി അടിയന്തര പ്രതിരോധ ചികിത്സ നൽകിയതായി മോൺടെറേജി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

ജൂലൈ അവസാനത്തോടെയാണ് ഗാഡ്മാൻചെസ്റ്റർ മേഖലയിൽ ആദ്യത്തെ പൂച്ചയ്ക്ക് റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചത്. അന്നും പൂച്ചയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് പേർക്ക് അടിയന്തര വാക്സിനേഷൻ നൽകിയിരുന്നു. പ്രവിശ്യയിൽ വന്യമൃഗങ്ങൾക്കിടയിൽ പേവിഷബാധ പടരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും രോഗ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ചത്തതോ, പരിക്കേറ്റതോ, അസാധാരണമാംവിധം അക്രമസ്വഭാവം കാണിക്കുന്നതോ ആയ മൃഗങ്ങളെ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.

ക്യുബെക്കിൽ റെക്കൂൺ പേവിഷബാധ കേസുകൾ ക്രമാതീതമായി ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധയിൽ 80 ശതമാനവും മോൺടെറേജി മേഖലയിലാണ്. പേവിഷബാധ കുറയ്ക്കുന്നതിനായി വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ നൽകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.   വളർത്തുമൃഗങ്ങളെ ഒറ്റയ്ക്ക് പുറത്തുവിടരുത്.  വന്യമൃഗങ്ങളുമായോ അപരിചിതമായ മൃഗങ്ങളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കണം.  വളർത്തുമൃഗങ്ങൾക്ക് വന്യമൃഗങ്ങളുമായി സമ്പർക്കമുണ്ടായാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടേണ്ടതാണ്.  രോഗലക്ഷണങ്ങളും അക്രമസ്വഭാവവും കാണിക്കുന്ന വളർത്തുമൃഗങ്ങളെ മാറ്റി പാർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.