ഇറാൻ്റെ വധഭീഷണി: തുർക്കിയിൽ നിന്ന് രഹസ്യമായി മടങ്ങി ഡോണൾഡ് ട്രംപ്

By: 600110 On: Aug 11, 2026, 12:18 PM

 

ഇറാനിൽ നിന്നുള്ള  വധഭീഷണിയെത്തുടർന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ നിന്ന് അതീവ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിൽ മടങ്ങിയതായി വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ തന്ത്രപരമായ ഈ രഹസ്യ നീക്കം നടത്തിയത്. ട്രംപ് ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിൽ' തന്നെയാണ് യാത്ര തിരിക്കുന്നത് എന്ന് വൈറ്റ് ഹൗസും കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരും വിശ്വസിച്ചിരുന്ന സമയത്താണ്, എല്ലാവരുടെയും കണ്ണുവെട്ടിച്ച് അദ്ദേഹത്തെ മറ്റൊരു ചെറു സൈനിക വിമാനത്തിലേക്ക് മാറ്റിയത് എന്ന് 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

അങ്കാറ വിമാനത്താവളത്തിൽ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ ട്രംപ് സാധാരണ പോലെ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയെങ്കിലും, മിനിറ്റുകൾക്കകം വിമാനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി അദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് എയർഫോഴ്സ് സി-32 എ എന്ന ചെറിയ യു.എസ്. സൈനിക വിമാനത്തിലാണ് ട്രംപിനെ സുരക്ഷിതമായി മാറ്റിയത്. മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും സഞ്ചരിച്ച പ്രധാന എയർഫോഴ്സ് വൺ വിമാനത്തെ ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

യു.എസും ഇറാനും തമ്മിൽ മേഖലയിൽ സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു അസാധാരണ സുരക്ഷാ നീക്കം വൈറ്റ് ഹൗസും രഹസ്യാന്വേഷണ ഏജൻസികളും നടപ്പിലാക്കിയത്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, അദ്ദേഹത്തിന് നേരെ ഭീഷണികളുള്ള സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ടെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് പ്രതികരിച്ചു. അതേസമയം, പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും പ്രസിഡൻ്റിൻ്റെ യഥാർത്ഥ യാത്രാവിവരങ്ങൾ മണിക്കൂറുകളോളം മറച്ചുവെച്ച സംഭവം രാജ്യത്ത് വലിയ ചർച്ചയായിട്ടുണ്ട്.