കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത് കടന്നുകളഞ്ഞ കുറ്റവാളി കൊല്ലപ്പെട്ടു, പൊലീസുകാരന് പരിക്കേറ്റു

By: 600110 On: Aug 11, 2026, 12:12 PM

 

കാൽഗറി നഗരത്തിൽ പൊലീസിന് നേരെയുണ്ടായ വെടിവെപ്പിനും ചേസിംഗിനുമൊടുവിൽ കുറ്റവാളി കൊല്ലപ്പെട്ടു. പൊലീസിൻ്റെ പിടിയിൽപ്പെടാതിരിക്കാൻ സ്വയം വെടിവെച്ചാണ് ഇയാൾ മരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വെടിയേറ്റു.

തിങ്കളാഴ്ച എഡ്‌വർത്തി പാർക്കിന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടൊണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് പരിശോധനയ്ക്കായി ട്രക്ക് തടഞ്ഞ പൊലീസുകാർക്ക് നേരെ പ്രതി പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പൊലീസുകാരൻ പരിക്കേറ്റ് വീണതോടെ ഇയാൾ സംഭവസ്ഥലത്തു നിന്ന്  രക്ഷപ്പെട്ടു. തുടർന്ന് പാർക്കിനുള്ളിലേക്കും ബോ നദിയുടെ തീരത്തേക്കും കടന്നുകളഞ്ഞ പ്രതി, തന്നെ പിന്തുടർന്ന പൊലീസുകാർക്കും സമീപത്തുണ്ടായിരുന്ന സാധാരണക്കാർക്കും നേരെ നിരന്തരം വെടിയുതിർത്തു. ഇതിനിടയിൽ പാർക്കിലുണ്ടായിരുന്ന റെയിൽവേ കമ്പനിയുടെ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം വഴിയരികിൽ കുടുങ്ങി. തുടർന്ന് വാഹനം ഉപേക്ഷിച്ച് ഇയാൾ വീണ്ടും ഓടുകയായിരുന്നു.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു പൊലീസ് സംഘവും ഹെലികോപ്റ്ററും ചേർന്നാണ് ഇയാളെ വളഞ്ഞതോടെ ഹെലികോപ്റ്ററിന് നേരെയും പ്രതി വെടിയുതിർത്തു. പൊലീസും തിരിച്ചു വെടിവെച്ചതോടെ മേഖലയിൽ കനത്ത ഭീതി പടർന്നു. പാർക്കിലുണ്ടായിരുന്ന സാധാരണക്കാരോട് വാഹനങ്ങൾക്ക് പിന്നിൽ ഒളിക്കാനും ഓടി രക്ഷപ്പെടാനും പൊലീസ് മുന്നറിയിപ്പ് നൽകി. ഒടുവിൽ പൊലീസ് സംഘം അടുത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ബോ നദിയിൽ നിന്നാണ് കണ്ടെടുത്തത്.

വെടിയേറ്റ പൊലീസുകാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആൽബെർട്ട സീരിയസ് ഇൻസിഡൻ്റ് റെസ്പോൺസ് ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.