എഡ്മണ്ടണിലും സമീപ പ്രദേശങ്ങളിലും കനത്ത ഇടിമിന്നലിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന്
എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ പ്രദേശത്ത് കാലാവസ്ഥ വൻതോതിൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും പെട്ടെന്നുണ്ടാകുന്ന പ്രളയസാധ്യതയും കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
മേഖലയിൽ ആഞ്ഞടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയുണ്ടാകാമെന്നും, വലിയ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം കാണുകയോ അത് അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ നിർദ്ദേശമുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി റേഡിയോ, ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവ വഴി അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ ഗതാഗത തടസ്സങ്ങൾക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിനും കാരണമായേക്കാം. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വീടിന് പുറത്തുള്ള സാധനങ്ങൾ കാറ്റിൽ പറന്നുപോകാത്ത വിധം ഭദ്രമായി കെട്ടിവെക്കണമെന്നും പോലീസ് സർവീസുകളും ദുരന്തനിവാരണ സേനയും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.