മേപ്പിൾ റിഡ്ജിൽ അക്രമകാരിയായ കരടിയുടെ സാന്നിധ്യം: പ്രദേശവാസികൾ വീടുകൾക്കുള്ളിൽ കഴിയാൻ നിർദ്ദേശം

By: 600110 On: Aug 11, 2026, 12:05 PM

ബ്രിട്ടീഷ് കൊളംബിയയിലുള്ള മേപ്പിൾ റിഡ്ജ് നഗരത്തിൽ അക്രമകാരിയായ കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്തെ ഒരു കൊച്ചു പെൺകുട്ടിക്കുനേരെ കരടി അക്രമസ്വഭാവം കാണിച്ചതായി റിപ്പോർട്ട് ഉയർന്നതിനെ തുടർന്നാണ് മേപ്പിൾ റിഡ്ജ് പോലീസും , ബി.സി. കൺസർവേഷൻ ഓഫീസർ സർവീസും  സംയുക്തമായി രംഗത്തിറങ്ങിയത്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് സ്വന്തം വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ നഗരത്തിലെ 123-ാം അവന്യൂ, 240-ാം സ്ട്രീറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പോലീസും വനപാലകരും തെരച്ചിൽ നടത്തിയത്.  പ്രദേശത്ത് വ്യാപകമായി പട്രോളിംഗ് തുടരുന്നുണ്ട്. പെൺകുട്ടിക്കു നേരെയുണ്ടായ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മൃഗത്തെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണ്.

സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ യാതൊരു കാരണവശാലും കരടിയുടെ അടുത്തേക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കരടിയെ ഏതെങ്കിലും ഭാഗത്ത് കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ ആർ.സി.എം.പിയെയോ കൺസർവേഷൻ ഓഫീസർ സർവീസിനെയോ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നത് വരെ എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.