ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍/കോട്ടയം: ലോകസമാധാനം, മാനവികത, സാമൂഹിക ഐക്യം എന്നിവ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം അടുത്ത ജനുവരി 9-ന് കോട്ടയം നാഗമ്പടത്തെ സീസര്‍ പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമാധാന പ്രവര്‍ത്തകരും സാമൂഹിക നേതാക്കളും വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, മാധ്യമ, മനുഷ്യാവകാശ മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു ഹൃദയം, ഒരു ലോകം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്ത് വര്‍ധിച്ചുവരുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും ദാരിദ്ര്യവും പരിസ്ഥിതി പ്രതിസന്ധികളും ലഹരിവ്യാപനവും സാമൂഹിക വിഭജനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സമാധാന വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം, ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങള്‍, ആഗോള സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക സെഷനുകളും സംവാദങ്ങളും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടാതെ, വേള്‍ഡ് പീസ് മിഷന്റെ വിവിധ സാമൂഹ്യസേവന പദ്ധതികളുടെയും ആഗോള പ്രവര്‍ത്തനങ്ങളുടെയും അവതരണവും ഉണ്ടായിരിക്കും.
വേള്‍ഡ് പീസ് മിഷന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകസമാധാനത്തിനും മനുഷ്യസ്‌നേഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന വേദിയായി ഈ അന്താരാഷ്ട്ര സമ്മേളനം അടയാളപ്പെടുത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.