Written By, Biju, Panicker, Qatar
കേരളത്തിലെ ടൂറിസം വികസനത്തിൽ ഒരു പുതിയ കാൽവെപ്പ്. ടൂറിസ്റ്റുകൾക്ക് കേരളം അങ്ങോളം ഇങ്ങോളം താമസിച്ചു സഞ്ചരിക്കാൻ ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, കിടപ്പുമുറി സൗകര്യങ്ങളുമായി കാരവൻ എത്തുന്നു.
കേരളത്തിലെ ടൂറിസം സമഗ്ര വികസനത്തിനായി എല്ലാ പഞ്ചായത്തിലും മുന്സിപ്പാലിറ്റികളിലും ഒന്നിൽ കുറയാത്ത ടൂറിസം കേന്ദ്രങ്ങളുണ്ടാകണമെന്ന് ടൂറിസം വകുപ്പിന്റെ ലക്‌ഷ്യം. ഇതിന്റെ നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം.
ഈ കേന്ദ്രങ്ങളിലെല്ലാം താമസ സൗകര്യം ഏർപ്പെടുത്തുക എന്നത് അസാധ്യമാണ്. അതിനുള്ള പരിഹാരം കൂടിയാണ് കാരവാൻ ടൂറിസം. പൊതു-സ്വകാര്യ മാതൃകയിൽ യാഥാർഥ്യമാകുന്ന പദ്ധതിയിൽ സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പങ്കാളികളാകും. കാരവാൻ യാത്രയും കാരവാൻ പാർക്കിങ്ങും ഉൾപ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാൻ ടൂറിസം നിലവിൽ വരുന്നത്.
സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിങ് ടേബിൾ, ടോയ്ലറ്റ് ക്യുബിക്കിൾ , ഡ്രൈവർ കാബിനുമായുള്ള വിഭജനം, എ.സി., ഇന്റര്നെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാര്ജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളിൽ ക്രമീകരിക്കും.
മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്ഡോർ സീറ്റിങ് ആണ് മറ്റൊരു ആകർഷണം. അതിഥികളുടെ പൂര്ണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകള് ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും. അനാവശ്യ പരിശോധനകളില്നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കും. സംസ്ഥാനത്ത് മുഴുവൻ യാത്രചെയ്യാനുള്ള അനുമതിയായിരിക്കും വാഹനത്തിന് നല്കുക.