പി പി ചെറിയാന്‍
ലബ്ബക്ക്, ടെക്‌സസ് (ഓഗസ്റ്റ് 8, 2026): വെസ്റ്റ് ടെക്‌സസിലെ ലബ്ബക്കില്‍ മലയാളി സമൂഹം ഒത്തുകൂടി ഓണാഘോഷം 2026 മനോഹരമായി ആഘോഷിച്ചു. ക്രിസ്റ്റ് ദി കിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും സൗഹൃദവും ആവോളം നിറഞ്ഞുനിന്നു.
അങ്കണത്തില്‍ '2026' എന്ന് മധ്യത്തില്‍ ആലേഖനം ചെയ്ത മനോഹരമായ അത്തപ്പൂക്കളം ഒരുക്കിയിരുന്നു. മുതിര്‍ന്ന അംഗങ്ങളും പുരോഹിതന്മാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം (നിലവിളക്ക്) തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ബിജു, ലെജോ എന്നിവര്‍ അവതാരകരായ സാംസ്‌കാരിക സന്ധ്യയില്‍ ഷീബ, ജെല്ലി, അഞ്ജു എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കമായി. ജിജി സ്വാഗതം ആശംസിച്ചു.
ലബ്ബക്ക് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഫാദര്‍ ജെയിംസ് കെ. ജോണ്‍ ഓണസന്ദേശം നല്‍കി. വിളവെടുപ്പുത്സവം, സാമൂഹിക ഐക്യം, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കല്‍ എന്നിവയുടെ പ്രതീകമാണ് ഓണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഐക്യം, നന്ദി, പരസ്പര സ്‌നേഹം എന്നിവ നിലനിര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ലബ്ബക്ക് ബോയ്‌സ് അവതരിപ്പിച്ച ഹൃദ്യമായ 'കലപില' ഗ്രൂപ്പ് സോംഗ്, റെജി, നവീന്‍, സിബി രാജന്‍, ബിജു പുത്തേട്ട് എന്നിവരുടെ സംഗീത വിരുന്ന്, ലെനോ, ഷീബ, ലിഡിയ എന്നിവരുടെ ഫാമിലി പെര്‍ഫോമന്‍സ് എന്നിവ കാണികളുടെ മനം കവര്‍ന്നു. രാജന്‍-സിബി കൂട്ടുകെട്ടിന്റെ നൃത്തവും ലിഡിയയുടെ ആകര്‍ഷകമായ നൃത്തച്ചുവടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. ലളിത് കുമാര്‍ ആശംസാപ്രസംഗം നടത്തുകയും അനീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലെജോയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ നടന്നു. മലബാര്‍ ടീമും തിരുവിതാംകൂര്‍ ടീമും തമ്മില്‍ നടന്ന ആവേശകരമായ വടംവലി മത്സരം ആഘോഷത്തിന് ആവേശം പകര്‍ന്നു. മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ് എന്നിവയും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കേരളീയ തനിമയോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരുന്നു. തുടര്‍ന്ന് സംഗീതവും നൃത്തവും നിറഞ്ഞ ഓപ്പണ്‍ ഫ്‌ലോറോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
ലോകത്തിന്റെ ഏത് കോണിലായാലും മലയാളിയുടെ മനസ്സില്‍ കേരളം ജീവിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ലബ്ബക്കിലെ ഈ ഓണാഘോഷം. ഇവിടുത്തെ മലയാളി കൂട്ടായ്മയുടെ ഐക്യവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച ഈ ദിനം എല്ലാവര്‍ക്കും ഒരുപോലെ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒന്നായി മാറി.