പ്രസാദ് തീയാടിക്കല്‍
ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വോണ്‍ (Vaughan) നഗരത്തിലുള്ള ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ 19-കാരനെ യോര്‍ക്ക് റീജിയണല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ലൈംഗികാതിക്രമം (Sexual Assault), ലൈംഗിക ഇടപെടല്‍ (Sexual Interference) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബ്രാംപ്ടണ്‍ സ്വദേശിയായ ജുഗാഡ് ധാമി (Jugaad Dhami) എന്ന യുവാവാണ് അറസ്റ്റിലായത്. മേയ് 25-ന് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ യുവതി ഒരു റൈഡില്‍ കയറുന്നതിനിടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി പ്രതി നടത്തിയ പ്രവര്‍ത്തനത്തിനിടെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രതിയുടെ ചിത്രം യോര്‍ക്ക് റീജിയണല്‍ പൊലീസ് പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടിട്ടുണ്ട്. സമാനമായ അനുഭവം ഉണ്ടായവര്‍ മടിക്കാതെ പോലീസിനെ സമീപിക്കണമെന്നും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാലപരിധിയില്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതി നല്‍കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.