വെസ്റ്റ് നൈൽ വൈറസ് ഭീതിയിൽ ഒൻ്റാരിയോ: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

By: 600110 On: Aug 10, 2026, 12:29 PM

 

കാനഡയിലെ ഒൻ്റാരിയോയിൽ കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ വൈറസ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തകർ രംഗത്തെത്തി. രോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം വേണമെന്ന് വൈറസ് ബാധിച്ച ഇരകളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഒൻ്റാരിയോയിൽ 181 വെസ്റ്റ് നൈൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ടൊറൻ്റോ, നയാഗ്ര മേഖലകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. പനി പോലുള്ള ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ചിലരിൽ നാഡീവ്യൂഹത്തെ ബാധിക്കുകയും തളർവാതം, ഓർമ്മക്കുറവ്, കാഴ്ചവൈകല്യം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ മരണം വരെ സംഭവിച്ചേക്കാം.

നിലവിൽ വെസ്റ്റ് നൈൽ വൈറസിന് പ്രത്യേക വാക്സിനോ നിർദ്ദിഷ്ട ആൻ്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമാണ് നൽകുന്നത്. ശരീരം പൂർണ്ണമായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകു നിവാരിണികൾ ഉപയോഗിക്കുക, വീട്ടുപറമ്പുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ സൂക്ഷിക്കുക എന്നിവയാണ് പ്രധാന മുൻകരുതലുകൾ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൊതുകുജന്യ രോഗങ്ങൾ പടരാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കി.