കാമുകനുമായി പിരിയാനിരിക്കെ അരിസോണ കോളേജ് വിദ്യാര്‍ത്ഥിനി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

By: 600002 On: Aug 10, 2026, 12:24 PM



 

പി പി ചെറിയാന്‍

അരിസോണ: ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കൊലപ്പെടുത്തി. അരിസോണ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ജുലിസ്സ റൂബി സലാസറിനെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകനും 20 കാരനുമായ വരുണ്‍ ബാച്ചിഗരിയെ ജര്‍മ്മനിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 6-ന് അരിസോണ സര്‍വകലാശാലാ കാമ്പസിനടുത്തുള്ള ഫ്‌ലാറ്റിലാണ് സംഭവം. സലാസറിന്റെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്.

കാമുകനായ വരുണുമായി പിരിയാന്‍ ജുലിസ്സ തീരുമാനിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുന്‍പും പ്രതി ഇവര്‍ക്കെതിരെ അതിക്രമങ്ങള്‍ കാണിച്ചിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷം പ്രതിയുടെ ഫോണും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടിച്ച പ്രതി, വിമാനമാര്‍ഗം ജര്‍മ്മനി വഴി സ്വന്തം നാടായ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ടൂസണ്‍ പോലീസും എഫ്.ബി.ഐയും ജര്‍മ്മന്‍ പൊലീസും തമ്മിലുള്ള സംയുക്ത നീക്കത്തിലൂടെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്.

ഒന്നാം ഡിഗ്രി കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കമേല്‍ ചുമത്തിയിരിക്കുന്നത്. അരിസോണയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.