ആർട്ടിക് സമുദ്രമേഖലയിൽ ചൈനീസ് ഗവേഷണ കപ്പലുകളുടെ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് കാനഡയും അമേരിക്കയും നിരീക്ഷണം ശക്തമാക്കി. ജൂലൈ മാസം മുതൽ അലാസ്കയ്ക്ക് സമീപമുള്ള യു.എസ് സാമ്പത്തിക മേഖലയിലൂടെ സഞ്ചരിച്ച 'ഷൂ ലോങ്' , 'ഷൂ ലോങ് 2' എന്നീ രണ്ട് ചൈനീസ് ഐസ്ബ്രേക്കർ കപ്പലുകളെയാണ് ഇരു രാജ്യങ്ങളും നിരീക്ഷിച്ചുവരുന്നത്.
അലാസ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനേഡിയൻ വ്യോമസേനയുടെ വിമാനങ്ങളും കപ്പലുകളും അമേരിക്കൻ സേനയുമായി സഹകരിച്ചാണ് ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നത്. കാലാവസ്ഥാ പഠനങ്ങൾക്കും സമാധാനപരമായ ശാസ്ത്രീയ ഗവേഷണങ്ങൾക്കുമാണ് കപ്പലുകൾ അയച്ചതെന്നാണ് ചൈനയുടെ വിശദീകരണമെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഇത് സംശയത്തോടെയാണ് കാണുന്നത്.
ഈ കപ്പലുകൾ സമുദ്രത്തിനടിയിൽ ഉപയോഗിക്കുന്ന അത്യാധുനിക സോണാർ, ടെലിമെട്രി ഉപകരണങ്ങൾ സമുദ്ര അന്തർവാഹിനികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അടിത്തട്ടിലെ കേബിൾ ശൃംഖലകൾ മാപ്പ് ചെയ്യാനും ഉപയോഗിച്ചേക്കാമെന്ന് പ്രതിരോധ വിദഗ്ദ്ധർ ഭയപ്പെടുന്നുണ്ട്. ആർട്ടിക് മേഖലയിലെ റഷ്യ-ചൈന കൂട്ടുകെട്ടും തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് കാനഡ വിലയിരുത്തുന്നു. തുടർന്ന്, തങ്ങളുടെ വടക്കൻ സമുദ്ര അതിർത്തികളിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കാൻ കാനഡ പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.