കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ കൂട്ടാക്കിയില്ല: ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനം റദ്ദാക്കി പോർട്ടർ എയർലൈൻസ്

By: 600110 On: Aug 10, 2026, 12:17 PM

വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാന സർവീസ് റദ്ദാക്കി പോർട്ടർ എയർലൈൻസ്. വിക്ടോറിയ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറൻ്റോയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റൺവേയിൽ നിന്ന് തിരികെ ടെർമിനലിലേക്ക് മടങ്ങിയത്.

ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ കുട്ടി എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും വിമാന ജീവനക്കാരും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിമാനം പറന്നുയർത്താൻ സാധിക്കാത്തതിനാൽ പൈലറ്റ് വിമാനം തിരികെ ടെർമിനലിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കുകയും അവരുടെ ബാഗേജുകൾ വിമാനത്തിൽ നിന്ന് മാറ്റുകയും ചെയ്തു.

ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഫ്ലൈറ്റ് പ്ലാൻ സമർപ്പിക്കാൻ വൈകിയതോടെ വിക്ടോറിയ എയർപോർട്ടിന്റെ റൺവേ അടയ്ക്കുന്ന സമയമായ രാത്രി 12:30 കഴിഞ്ഞു. ഇതോടെ സർവീസ് പൂർണ്ണമായും റദ്ദാക്കാൻ എയർലൈൻസ് നിർബന്ധിതരാവുകയായിരുന്നു. മറ്റു യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച പോർട്ടർ എയർലൈൻസ്, തൊട്ടടുത്ത ദിവസം യാത്രക്കാർക്കായി പകരം വിമാന സൗകര്യം ഏർപ്പെടുത്തിയതായി അറിയിച്ചു.