എബി തോമസിന് പുതിയ ഉത്തരവാദിത്വം; മാര്‍ത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റിയിലേക്ക്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ അഭിനന്ദനം

By: 600002 On: Aug 10, 2026, 12:11 PM



 

പി പി ചെറിയാന്‍ 

ഡാലസ്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമൂഹിക-സഭാ പ്രവര്‍ത്തകനുമായ ശ്രീ. എബി തോമസിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവര്‍ത്തനത്തോടൊപ്പം സഭാ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. മണ്ഡലം അസംബ്ലി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് എബി തോമസ് തിരഞ്ഞെടുക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന മേഖലയിലെ പരിചയത്തിനും സഭാ-സാമൂഹിക രംഗങ്ങളിലെ സജീവ ഇടപെടലുകള്‍ക്കുമുള്ള അംഗീകാരമാണ്  ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും കൂടുതല്‍ ഫലപ്രദമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ മാധ്യമപരിചയം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ സജീവ പ്രവര്‍ത്തകനായ എബി തോമസിന്റെ പുതിയ ഉത്തരവാദിത്വത്തില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സഭാ-സാമൂഹിക മേഖലകളിലെ ഇടപെടലുകള്‍ക്കും പുതിയ ദൗത്യം കൂടുതല്‍ കരുത്തേകട്ടെയെന്നും അവര്‍ ആശംസിച്ചു.

''മാധ്യമരംഗത്തെ അനുഭവസമ്പത്തും സഭാ-സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും പുതിയ ഉത്തരവാദിത്വത്തിന് വലിയ മുതല്‍ക്കൂട്ടാകും. എബി തോമസിന്റെ തിരഞ്ഞെടുപ്പ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനും അഭിമാനകരമാണ്,'' പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് കമ്മിറ്റിയുടെ പേരില്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ എബി തോമസിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പുതിയ ദൗത്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനും നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും മാര്‍ത്തോമാ സഭയ്ക്കും പ്രയോജനകരമായ മാധ്യമ ഇടപെടലുകള്‍ നടത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.