കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു

By: 600007 On: Oct 29, 2021, 5:03 PM

ബംഗലൂരു : കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്‍. രണ്ടു പതിറ്റാണ്ടായി സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം പവര്‍ സ്റ്റാര്‍ ആയാണ്  അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം.  'ബേട്ടഡ് ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി. 2002 ലിറങ്ങിയ 'അപ്പു' എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അതോടെ ആരാധകര്‍ക്ക് അദ്ദേഹം അപ്പുവായി. സന്തോഷ് ആനന്ദം സംവിധാനം ചെയ്ത യുവരത്‌നയിലാണ് അവസാനമായി അഭിനയിച്ചത്. ജയിംസ് എന്ന സിനിമയുടെ ഷൂട്ടിങ്ങും അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്. പ്രശസ്ത കന്നഡ ചലച്ചിത്ര താരങ്ങളായ ശിവരാജ്കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, വിനയ് രാജ്കുമാര്‍, യുവ രാജ്കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: Kannada actor Puneeth Rajkumar passed away