കാട്ടുതീ അതിവേഗം പടർന്നുപിടിക്കുന്നതിനെ തുടർന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 'ബാൾഡ് റേഞ്ച്' എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ 20,000-ത്തിലധികം ആളുകളോട് ഉടനടി വീടൊഴിഞ്ഞു പോകാൻ അധികൃതർ നിർദ്ദേശിച്ചു. സമ്മർലാൻഡ്, പീച്ച്‌ലാൻ്റ് തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് ഉത്തരവിട്ടിരിക്കുന്നത്.
രൂക്ഷമായ കാട്ടുതീയെ തുടർന്ന് സുരക്ഷിത താവളത്തിലേക്ക് മാറുന്നതിനിടെ മിഡോ വാലിയിൽ 80 വയസ്സുള്ള വയോധിക പെട്ടെന്ന് മരണപ്പെട്ടു. പോലീസും കൊറോണർ സർവീസും ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബി.സി.യിൽ നൂറിലധികം സജീവ കാട്ടുതീ പ്രദേശങ്ങളാണുള്ളത്. ഇതിൽ ബാൾഡ് റേഞ്ചിലെ കാട്ടുതീ മാത്രം 136 ചതുരശ്ര കിലോമീറ്ററിലധികം വ്യാപ്തിയിലേക്ക് പടർന്നു കഴിഞ്ഞു. വരണ്ട കാലാവസ്ഥയും മിന്നലും കാറ്റും വരും ദിവസങ്ങളിലും സ്ഥിതി വഷളാക്കാൻ സാധ്യതയുണ്ടെന്ന് ബി.സി. വൈൽഡ്‌ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.
സ്ഥലത്തുയരുന്ന കനത്ത പുക താപനില കുറയ്ക്കാൻ സഹായിക്കുന്നത് രക്ഷാപ്രവർത്തകർക്ക് താൽക്കാലിക ആശ്വാസമാകുന്നുണ്ടെങ്കിലും, ദിശ മാറുന്ന ശക്തമായ കാറ്റ് തീ കൂടുതൽ ജനവാസ മേഖലകളിലേക്ക് എത്തിക്കുമോ എന്ന ഭയവുമുണ്ട്. പ്രവിശ്യാ പ്രധാനമന്ത്രി ഡേവിഡ് ഈബി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കാനഡ, ഓസ്‌ട്രേലിയ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം അഗ്നിശമന സേനാംഗങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കാട്ടുതീ റോഡ് ഗതാഗതത്തെയും വിമാന സർവീസുകളെയും കാര്യമായി ബാധിച്ചിട്ടുള്ളതിനാൽ, ഗൂഗിൾ മാപ്പ്സിന് പകരം സർക്കാരിന്റെ 'DriveBC' വെബ്‌സൈറ്റിലെ കൃത്യമായ വിവരങ്ങൾ നോക്കി യാത്ര ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു.