അമേരിക്കൻ വൻകരകളിൽ മീസൽസ് രോഗബാധ ആശങ്കാജനകമായി വർധിക്കുന്നതായി ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ജനസംഖ്യയിൽ അമേരിക്കൻ ഐക്യനാടുകളുടെ പത്തിലൊന്ന് മാത്രമുള്ള കാനഡയിൽ, അമേരിക്കയിൽ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു. WHO വിവരങ്ങൾ അനുസരിച്ച് അമേരിക്കയിൽ 2,260 കേസുകൾ സ്ഥിരീകരിച്ചപ്പോൾ കാനഡയിൽ ഇതുവരെ 1,107 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലോക ആരോഗ്യ സംഘടനയുടെ ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കൻ വൻകരയിലുടനീളം ആകെ 47,459 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷം മേഖലയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ മൂന്നിരട്ടിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണിത്. റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഇതുവരെ പ്രധാനമായും ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി 45 പേർ രോഗബാധമൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് , രോഗനിരീക്ഷണം, അടിയന്തര രോഗനിയന്ത്രണ നടപടികൾ എന്നിവ ശക്തമാക്കാൻ ലോക ആരോഗ്യ സംഘടന മേഖലയിലെ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വാക്സിനേഷൻ കവറേജ് വർധിപ്പിക്കുന്നതിലൂടെയും പെട്ടെന്നുള്ള പ്രതിരോധ നടപടികളിലൂടെയും മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ എന്ന് WHO വ്യക്തമാക്കി.