ബേബി കില്ലര്‍ പരാമര്‍ശം സംഘര്‍ഷമായി; മനില വിമാനത്താവളത്തില്‍ അമേരിക്കന്‍-ഇസ്രായേല്‍ യാത്രക്കാര്‍ ഏറ്റുമുട്ടി

By: 600002 On: Aug 10, 2026, 11:44 AM



 

പ്രസാദ് തീയാടിക്കല്‍

മനില: ഫിലിപ്പീന്‍സിലെ മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (NAIA) അമേരിക്കന്‍ പൗരനും ഇസ്രായേല്‍ പൗരനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കന്‍ യാത്രക്കാരന്‍ ഇസ്രായേല്‍ യാത്രക്കാരനെ ''ബേബി കില്ലര്‍'' എന്ന് വിളിക്കുകയും, ജൂതരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് വിമാനത്താവളത്തിന്റെ ആഭ്യന്തര യാത്രാ ടെര്‍മിനലില്‍ കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉടന്‍ ഇടപെട്ട് ഇരുവരെയും വേര്‍പെടുത്തി. തുടര്‍ന്ന് ഇരുവരെയും വിമാനത്താവള പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തില്‍ ഇരുപക്ഷവും പരസ്പരം വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അമേരിക്കന്‍ യാത്രക്കാരന്‍ താനാണ് ആക്രമിക്കപ്പെട്ടതെന്ന് പറയുമ്പോള്‍, ഇസ്രായേല്‍ യാത്രക്കാരന്‍ തനിക്കെതിരെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പ്രതികരിച്ചതെന്നാണ് വിശദീകരണം.

സംഭവത്തില്‍ ഫിലിപ്പീന്‍സ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ലഭ്യമായ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.