ഓവർ സ്പീഡിനെതിരെ നഗരത്തിൽ പരിശോധന കർശനമാക്കി കാൽഗറി പൊലീസ്

By: 600110 On: Aug 10, 2026, 11:30 AM

 

 


കാൽഗറിയിൽ ഗതാഗത നിയമങ്ങളും വേഗപരിധിയും കാറ്റിൽപ്പറത്തി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ  പൊലീസ്നി യമനടപടികൾ കടുപ്പിച്ചു. പൊതുജനസുരക്ഷ മുൻനിർത്തി നഗരത്തിലെ പ്രധാന പാതകളിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികം വേഗതയിൽ സഞ്ചരിച്ച വാഹനങ്ങൾ ഉൾപ്പെടെ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

ജൂലൈ 19-ന് സ്റ്റോണി ട്രെയിൽ തെക്കൻ ഭാഗത്ത്, 100 കി.മീ വേഗപരിധിയുള്ള റോഡിൽ 218 കി.മീ വേഗത്തിൽ വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസും എടുത്തു. അതേ ദിവസം വൈകുന്നേരം, 100 കി.മീ വേഗപരിധിയുള്ള മറ്റൊരു സ്ഥലത്ത് 150 കി.മീ വേഗത്തിൽ സഞ്ചരിച്ച മറ്റൊരു വാഹനവും പിടികൂടി. ആ ഡ്രൈവർക്കെതിരെ അമിതവേഗത്തിനും രജിസ്ട്രേഷൻ ഇല്ലാത്തതിനും ചേർത്ത് ആകെ 1,165 ഡോളർ പിഴ ചുമത്തി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാർ പുലർത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് പൊലീസ് പൊതുജനങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ വേഗപരിധി കൃത്യമായി പാലിക്കാനും ഗതാഗത നിയമങ്ങൾ അനുസരിച്ച് മാത്രം വാഹനമോടിക്കാനും പോലീസ് അധികൃതർ നിർദ്ദേശിച്ചു.