കാനഡയിൽ ജോലി നോക്കുകയാണോ?  ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന മേഖലകൾ ഇതാ...

By: 600110 On: Aug 10, 2026, 11:06 AM

 

 

കാനഡയിലെ തൊഴിൽ വിപണിയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്.  സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ ലേബർ ഫോഴ്സ് സർവേ പ്രകാരം ജൂലൈ മാസത്തിൽ രാജ്യത്ത് 75,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴില്ലായ്മ നിരക്കാണിത്. തൊഴിലന്വേഷകരെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ് ഈ റിപ്പോർട്ട്. തൊഴിൽരഹിതരായവർക്ക് പുതിയ ജോലി ലഭിക്കുന്നതിന്റെ നിരക്ക് മുൻവർഷത്തെ 18.5 ശതമാനത്തിൽ നിന്ന് 20.8 ശതമാനമായി ഉയർന്നിട്ടുമുണ്ട്.

പ്രധാനമായും Wholesale and Retail Trade രംഗത്താണ് ഏറ്റവും വലിയ തൊഴിൽ വളർച്ച രേഖപ്പെടുത്തിയത്; ഈ മേഖലയിൽ മാത്രം 21,000 പുതിയ ജോലികൾ കൂട്ടിച്ചേർക്കപ്പെട്ടു. കൺസ്ട്രക്ഷൻ മേഖലയിൽ 16,000 തൊഴിലവസരങ്ങൾ വർധിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നവീകരണ പ്രവർത്തനങ്ങളും സജീവമായതാണ് നിർമ്മാണ രംഗത്തെ ഈ ഉണർവിന് കാരണം. ഇതുകൂടാതെ ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ലീസിംഗ് മേഖലകളിൽ ആകെ 35,000 പേർക്ക് ജോലി ലഭിച്ചു. ബാങ്കിംഗ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ കമ്പനികൾ കൂടുതൽ ജീവനക്കാരെ നിയമിച്ചതാണ് ഇതിന് വഴിയൊരുക്കിയത്.

റിപ്പോർട്ട് പ്രകാരം, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും 25 നും 54 നും ഇടയിൽ പ്രായമുള്ളവർക്കാണ് ലഭിച്ചത്. പ്രത്യേകിച്ച് ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, നോവ സ്കോട്ടിയ എന്നീ പ്രവിശ്യകളിലെ വനിതകൾക്കിടയിൽ വലിയ തൊഴിൽ വളർച്ചയുണ്ടായി. കൂടാതെ 44,000 ആളുകൾ പുതുതായി സ്വയംതൊഴിൽ രംഗത്തേക്കും കടന്നുവന്നു. നേരിട്ടുള്ള പ്രവൃത്തിപരിചയമില്ലെങ്കിലും കസ്റ്റമർ സർവീസ്, കമ്മ്യൂണിക്കേഷൻ, ഓർഗനൈസേഷൻ തുടങ്ങിയ തുടങ്ങിയ മേഖലകളിൽ കഴിവുകളുള്ളവർക്ക് ഈ മേഖലകളിൽ മികച്ച അവസരങ്ങൾ കണ്ടെത്താനാകും.