ലയണല്‍ മെസ്സിയുടെ പിതാവും അര്‍ജന്റീന മാനേജറുമായ ജോര്‍ജ് മെസ്സി അന്തരിച്ചു

By: 600002 On: Aug 10, 2026, 9:59 AM



 

പി പി ചെറിയാന്‍

അര്‍ജന്റീന: ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പിതാവും അര്‍ജന്റീന മാനേജറുമായ ജോര്‍ജ് മെസ്സി (68) അന്തരിച്ചു. അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.

കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയുമായിരുന്നു ജോര്‍ജ് മെസ്സി. മെസ്സിയുടെ ബാല്യകാല ക്ലബ്ബായ 'ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ്' ആണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. 

ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലേക്ക് മകന്‍ എത്തുന്നതിന് പിന്നില്‍ താങ്ങായി നിന്ന പ്രധാന ശക്തിയായിരുന്നു ജോര്‍ജ് എന്ന് ക്ലബ്ബ് അനുസ്മരിച്ചു. ബാഴ്‌സലോണ, പാരിസ് സെന്റ് ജെര്‍മെയ്ന്‍, ഇന്റര്‍ മയാമി തുടങ്ങിയ ക്ലബ്ബുകളിലെല്ലാം മെസ്സിയുടെ കരിയറിനെ നയിച്ചതും അദ്ദേഹത്തിന്റെ പിതാവ് തന്നെയായിരുന്നു.  

ഭാര്യ സെലിയ കുച്ചിറ്റീനിയും മക്കളായ ലയണല്‍, റോഡ്രിഗോ, മാത്തിയാസ്, മരിയ സോള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ഫുട്‌ബോള്‍ ലോകം അനുശോചനം അറിയിച്ചു.